കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച സംഘം പിടിയിലായി. പാവുമ്പ, കാളിയമ്പലം, കുട്ടത്തേത് വടക്കതിൽ ബിനു എന്ന തബൂക്ക്(26), പാവുമ്പ, ചെറുവേലി കിഴക്കതിൽ ശ്രീക്കുട്ടൻ(24), പാവുമ്പ, മണപ്പള്ളി തെക്ക്, പുത്തരേത്ത് തെക്കതിൽ രാജേഷ് (24) എന്നിവരാണ് പിടിയിലായത്. പാവുമ്പ സ്വദേശിയായ അനിൽ കുമാറിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്.

പ്രദേശത്തെ ക്ഷേത്രത്തിലെ ചിറപ്പിനോടനുബന്ധിച്ച് ബുധനാഴ്ച രാത്രി നടത്തിയ നാടൻ പാട്ടിനിടയിൽ ഉണ്ടായ സംഘർഷത്തിൽ പ്രതികൾക്ക് മർദ്ദനമേറ്റിരുന്നു. അനിൽകുമാർ പ്രതികളെ മർദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് തെറ്റിദ്ധരിച്ച് രാത്രി 10.30 ഓടെ വെട്ടത്തേത്ത് ജംഗ്ഷനിൽ വച്ച് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറിൽ വരികയായിരുന്ന അനിൽകുമാറിനെ കമ്പിവടിയും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് അടിച്ച് താഴെയിട്ട ശേഷം മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. ആക്രമണത്തിൽ തലയിലും ദേഹം മുഴുവനും പരിക്കേറ്റു. ഇതു കൂടാതെ അനിൽകുമാറിന്റെ സ്‌കൂട്ടറും ഇയാൾ നടത്തിവരുന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഗ്ലാസ് ഷീറ്റും പ്രതികൾ അടിച്ച് തകർത്തു.