chadrashekhan-
ചന്ദ്രശേഖരൻ

ശാസ്താംകോട്ട: കഴിഞ്ഞ ദിവസം ചരിഞ്ഞ വെട്ടിക്കാട്ട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആന ചന്ദ്രശേഖരന് ആയിരങ്ങൾ യാത്രാമൊഴി നൽകി. പുഷ്പചക്രം അർപ്പിച്ചും പുഷ്പവൃഷ്ടി നടത്തിയും തൊട്ടു വണങ്ങിയും കണ്ണീർ വാർത്തുമാണ് മൈനാഗപ്പള്ളിയിലെ ജനാവലി ഒന്നടങ്കം ചന്ദ്രശേഖരന് യാത്രാമൊഴി നൽകിയത്. രണ്ട് ദിവസം മുമ്പ് ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാൻ കൊണ്ടുപോയ ചന്ദ്രശേഖരൻ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ചരിഞ്ഞത്. തുടർന്ന് അവിടെ നിന്ന് ലോറിയിൽ വെട്ടിക്കാട്ടേക്ക് കൊണ്ടുവന്നു. രാത്രി 11 മണിയോടെയാണ് ശാസ്താംകോട്ടയിൽ എത്തിയതെങ്കിലും ചന്ദ്രശേഖരനെ ഒരു നോക്കു കാണാൻ നൂറ് കണക്കിന് ആളുകളാണ് വഴിയോരങ്ങളിൽ തടിച്ച് കൂടിയത്. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച ചന്ദ്രശേഖരന്റെ പൊതു ദർശനം ശനിയാഴ്ച രാവിലെ 10 വരെ തുടർന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ. സെയ്ദ് തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിച്ചു.

ഇതിനിടയിൽ ആനയെ വെട്ടിക്കാട്ട് തന്നെ സംസ്കരിക്കണം എന്ന ആവശ്യവുമായി ഒരു പറ്റം ഭക്തജനങ്ങൾ രംഗത്ത് വന്നത് ആശയ കുഴപ്പം സ്യഷ്ടിച്ചു. തുടർന്ന്

ജനപ്രതിനിധികൾ, ശാസ്താംകോട്ട സി.ഐ അഭിലാഷ് പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ , ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി കുളത്തൂപ്പുഴ ഏരൂരിൽ എത്തിച്ച് സംസ്കരിക്കാൻ തീരുമാനിച്ചു. തുടർന്ന് രാവിലെ 10.30 ന് കുളത്തുപ്പുഴയിലേക്ക് കൊണ്ട് പോയി വൈകിട്ട് നാലോടെ സംസ്കരിച്ചു.