കൊല്ലം: ബന്ധുവിന്റെ മരണാനന്തര ചടങ്ങിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കൊല്ലം പള്ളിമൺ ചരുവിള വീട്ടിൽ ആദർശിനെ (24) കൊലപ്പെടുത്തിയ കേസിൽ പള്ളിമൺ തെക്കേച്ചേരി സ്വദേശി രാമൻ എന്ന ചിന്തുവിനാണ് (24) കൊല്ലം ഫോർത്ത് അഡീഷനൽ സെഷൻസ് ജഡ്ജ് എസ്. സുഭാഷ് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിൽ 2-ാം പ്രതി പള്ളിമൺ വില്ലേജിൽ പുലിയില ചേരിയിൽ തുണ്ടത്തിൽ വീട്ടിൽ നിന്നു പള്ളിമൺ തെക്കേഭാഗത്ത് മുൻസഫാ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ജ്യോതി 3-ാം പ്രതി പളളിമൺ ചേരിയിൽ സുനിതാഭവനിൽ സുജിത്ത് (സുനി) എന്നിവരെ കോടതി വെറുതേ വിട്ടു
ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിൽ നിന്നു പിന്മാറണമെന്നുള്ള നിരന്തരമായ നിർദ്ദേശവും ഭീഷണിയും അവഗണിച്ചതിന്റെ വൈരാഗ്യത്തിൽ ആദർശിനെ ചിന്തു 2019 നവംബർ 16ന് രാത്രി 9.30ന് പള്ളിമൺ തെക്കേച്ചേരിയിൽ വച്ച് കഴുത്തിൽ കുത്തി. ആദർശ് അന്നു രാത്രി 11 മണിയോടെ പൂയപ്പള്ളി അസീസിയ മെഡി. ആശുപത്രിയിൽ മരിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. തെളിവ് നശിപ്പിച്ച കുറ്റത്തിന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും ഒടുക്കണം. കണ്ണനല്ലൂർ എസ്.എച്ച്.ഒ ആയിരുന്ന യു.പി. വിപിൻകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര കോടതിയിൽ ഹാജരായി. 2-ാം പ്രതിക്കുവേണ്ടി അഡ്വ. പളളിമൺ എസ്.ശ്രീകുമാർ, ആശ ശ്രീകുമാർ, 3-ാം പ്രതിക്കുവേണ്ടി അഡ്വ. ഓച്ചിറ അനിൽകുമാർ, അഡ്വ. ആസിഫ് റിഷിൻ, അഡ്വ. അനില പുന്തല എന്നിവർ കോടതിയിൽ ഹാജാരായി