 
പുനലൂർ: ആര്യങ്കാവ് ചന്ദന പ്ലാന്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഫോറസ്റ്റ് വാച്ചറെ കാട്ടാന ആക്രമിച്ചു. ചവിട്ടേറ്റ് ഇടതുകാൽ ഒടിഞ്ഞു.
അച്ചൻകോവിൽ സ്വദേശിയായ ജയനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. ആര്യങ്കാവ് കടമാൻപാറ ചന്ദന പ്ലാന്റേഷനിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞ് ടോർച്ചിന്റെ വെളിച്ചത്തിൽ മടങ്ങുന്നതിടെയാണ് കാട്ടാനയുടെ മുന്നിലെത്തിയത്. കഴിഞ്ഞ ആഴ്ച ആര്യങ്കാവ് പാണ്ഡ്യൻപാറയിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ജയനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾക്കു ശേഷം തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്കു മാറ്റി.