13 കോടി രൂപ ചെലവിൽ 10 കി.മീ റോഡ്
പുറംപോക്ക് ഭൂമി വിട്ടുനൽകുന്നില്ല
അഞ്ചൽ: റോഡരികിലെ പുറംപോക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തടസമുള്ളതിനാൽ ആലഞ്ചേരി-ചണ്ണപ്പേട്ട റോഡ് നിർമ്മാണം ഇഴയുന്നു. പൊതുമരാമത്ത് വകുപ്പ് 13 കോടി രൂപ മുടക്കി പത്ത് കിലോമീറ്ററോളം ദൂരത്തിലാണ് ഈ റോഡ് നിർമ്മിക്കുന്നത്. റോഡ് നിർമ്മാണത്തിന് മുന്നോടിയായി പുറംപോക്ക് ഭൂമി റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തികൈയേറ്റക്കാർക്ക് ഭൂമി ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കിട്ടിയ മിക്ക ആളുകളും റോഡ് നിർമ്മാണത്തിനായി ഭൂമി വിട്ടുനൽകുകയും ചെയ്തു. എന്നാൽ ആലഞ്ചേരിക്ക് സമീപം ചില വ്യക്തികൾ പുറംപോക്കിൽ നിർമ്മിച്ചിട്ടുള്ള കടമുറികൾ മാറ്റുന്നതിനോ ഭൂമി വിട്ടുനൽകുന്നതിനോ തയ്യാറാകുന്നില്ലെന്ന് അധികൃതർ പറയുന്നു. ഇതിനിടെ പ്രശ്നം നിയമകുരുക്കിൽ എത്തിക്കുന്നതിനും കൈയേറ്റക്കാർ ശ്രമിക്കുന്നതും റോഡ് നിർമ്മാണത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രശ്നം പരിഹരിക്കാൻ
മന്ത്രി ഇടപെടണം
മന്ത്രി ജെ.ചിഞ്ചുറാണിയുടെ മണ്ഡലത്തിലാണ് ഈ റോഡ് നിർമ്മിക്കുന്നത്. മന്ത്രി മുൻകൈയെടുത്താണ് റോഡ് നിർമ്മാണത്തിന് അനുമതി നേടിയത്. അഞ്ചലിൽ നിന്ന് മടത്തറ, കടയ്ക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള മാർഗം കൂടിയാണ് ഈ റോഡ്. റോഡ് നിർമ്മാണം തടസപ്പെടുന്നതിനാൽ ഇതുവഴിയുള്ള യാത്ര ഇപ്പോൾ വളരെ ദുഷ്ക്കരമായിരിക്കുകയാണ്. നിരവധി ബസ് സർവീസുകൾ ഉണ്ടെങ്കിലും റോഡ് തകർന്നതിനാൽ പലതും നിറുത്തിവച്ച സ്ഥിതിയിലാണ് പ്രശ്നപരിഹാരത്തിന് മന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡ് നിർമ്മാണത്തിലെ തടസങ്ങൾ നീക്കുവാൻ ശ്രമം തുടരുകയാണ്.
അരവിന്ദ് ,
പൊതുമരാമത്ത് വകുപ്പ് അഞ്ചൽ അസി. എൻജിനീയർ