കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ഗ്രീനാക്കി കളറാക്കാൻ ജില്ലാ ശുചിത്വമിഷൻ. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പൊതുജനങ്ങളും ഹരിത ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ശുചിത്വ മിഷൻ നിരീക്ഷിക്കും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ ഒഴിവാക്കി വേണം കലോത്സവ നഗരിയിൽ എത്തേണ്ടത്.

കുടിവെള്ളത്തിന് സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളോ കോപ്പർ ബോട്ടിലോ കരുതണം. പേപ്പർ ഗ്ലാസ് , പ്ലാസ്റ്റിക് ഗ്ലാസ്, തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക് സ്‌ട്രോ, പേപ്പർ വാഴയില, ഫ്‌ളെക്‌സ്, പ്രകൃതി സൗഹ്യദമല്ലാത്ത അലങ്കാരവസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല.

കലോത്സവവേദിക്കരികിലെ വ്യാപാര സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, ജ്യൂസ്, ഐസ്‌ക്രീം വിൽപ്പനക്കാർ, ലഘു ഭക്ഷണ ശാലകൾ നടത്തുന്നവർ എന്നിവരും ഹരിത ചട്ടം പാലിക്കണം. അജൈവ പാഴ് വസ്തുക്കൾ യൂസർ ഫീസ് നൽകി ഹരിത കർമ്മസേനക്ക് കൈമാറണം.

24 മണിക്കൂർ എൻഫോഴ്സ്മെന്റ്
കലോത്സവ വേദികളിൽ 24 മണിക്കൂറും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് ടീമിന്റെയും കോർപ്പേറേഷൻ വിജിലൻസ് സ്‌ക്വാഡിന്റെയും നിരീക്ഷണവും പരിശോധനയും ഉണ്ടായിരിക്കും.