കൊല്ലം: എം.ഡി.എം.എയും മാരക ലഹരി ഗുളികകളുമായി റെയിൽവേ സ്റ്റേഷനിൽ നിന്നും യുവാവ് പിടിയിലായി. മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ ശരത്തിനെയാണ് (30) ഡാൻസാഫ് ടീംമും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നു 17 ഗ്രാം എം.ഡി.എം.എയും 10 എണ്ണം വീതമുള്ള 1990 സീപ് ലഹരി ഗുളികകളും പിടികൂടി.
നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാൾ
പിടിയിലായത്. നേരത്തെ ഗോവയിൽ നിന്നും മറ്റും ഇയാൾ നാട്ടിലേക്കു ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തവണ മുംബൈയിൽ നിന്നാണ് ഇയാൾ ലഹരി വസ്തുക്കൾ എത്തിച്ചത്. ശരത്ത് ലഹരി വസ്തുക്കളുമായി എത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻഡാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ വലവിരിക്കുകയായിരുന്നു.