
കരുനാഗപ്പള്ളി: കാലാവധി കഴിഞ്ഞ കാലിത്തീറ്റകൾ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി. പ്രമുഖ കാലിത്തീറ്റ കമ്പനികളുടെ കാലിതീറ്റയാണ് ഇത്തരത്തിൽ വിൽക്കുന്നതെന്ന് ക്ഷീരകർഷകർ പറയുന്നു. കലാവധി കഴിഞ്ഞ തീറ്റകൾ പശുക്കൾക്ക് നൽകിയതിന്റെ ഫലമായി മിക്ക കാലികൾക്കും വയർ സംബന്ധമായ അസുഖം പിടിപെട്ടതായി കർഷകർ പറയുന്നു. അസുഖം പിടിപെട്ടതോടെ പാലിന്റെ അളവിലും വൻ കുറവുണ്ടായി. പശുവിനെ കൊണ്ട് ഉപജീവനം നടത്തുന ക്ഷീരകർഷകരുടെ ജീവിതവും ദുരിത പൂർണമായി.
അസുഖ ബാധിതരായി പശുക്കൾ
മൃഗ ഡോക്ടർ എത്തി ചികിത്സ നടത്തിയിട്ടും പശുക്കളുടെ അസുഖത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. . അസുഖം മൂർച്ഛിച്ചതോടെ പശുക്കളെ വിൽക്കാനുള്ള ശ്രമത്തിലാണ് കർഷകർ. 50 കിലോഗ്രാമിന് 1425 രൂപാ വിലയുള്ള കാലീത്തിറ്റയിലാണ് പൂപ്പൽ കണ്ടെത്തിയിട്ടുള്ളത്. കാലാവധി കഴിയാത്ത കാലിത്തീറ്റക്ക് നല്ല മണമാണ്. വെള്ളത്തിൽ ഇട്ട് കുതുത്തു കഴിഞ്ഞാലും മണത്തിന് കുറവുണ്ടാവുകയില്ല. ഈ തീറ്റ പശുക്കൾ ആർത്തിയോടെ കഴിക്കും. എന്നാൽ കലാവധി കഴിഞ്ഞ കാലിത്തീറ്റകൾ കുതുത്തു കഴിഞ്ഞാൽ പൂപ്പലിന്റെ മണമാണ്. ഇതു കഴിക്കുന്നതോടെ പശുക്കൾക്ക് അസുഖം പിടിപെടും.
ഗുണ നിലവാരം പരിശോധിക്കുന്നില്ല
കടകളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന കാലിത്തീറ്റകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒന്നും ക്ഷീര വകുപ്പിന്റെ നിയന്ത്രണത്തിലില്ല. പരാതിയുള്ള കർഷകർ കാലിത്തീറ്റയുടെ സാമ്പിൾ എടുത്ത് തിരുവനന്തപുരത്തുള്ള ക്ഷീര വകുപ്പിന്റെ ലാബിൽ കൊണ്ടുപോയി പരിശോധിപ്പിക്കണം. ഇതിനൊന്നും ക്ഷീര കർഷകർ മെനക്കെടാറില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതിന്റെ പിന്നിലുള്ളത്. വൻകിട മുതലാളിമാർ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് ക്ഷീരകർഷകർ ആരോപിക്കുന്നു.
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഭക്ഷ്യസാധനങ്ങൾ പരിശോധിക്കുനതു പോലെ കാലിത്തീറ്റകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം സർക്കാർ നടപ്പിലാക്കണം.
ക്ഷീര കർഷകർ