
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് 4ന് കൊല്ലത്ത് തിരിതെളിയും. എട്ടുവരെ 24 വേദികളിലായി നടക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്കൃതോത്സവവും അറബിക് കലോത്സവവും അടക്കം എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ പതിന്നാലായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി 1000 രൂപ നൽകും. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരാണ് വിധികർത്താക്കൾ. തർക്കം ഉന്നയിക്കാൻ സംസ്ഥാനതല അപ്പീൽകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
4ന് രാവിലെ 9ന് പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. തുടർന്ന് കലോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു ഗോത്രകല ദൃശ്യവിസ്മയത്തിലൂടെ അവതരിപ്പിക്കും. കാസർകോട് ജില്ലയിലെ മാവിലർ, മലവേട്ടുവൻ സമുദായക്കാരുടെ മങ്ങലം കളിയാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉണ്ടാകും.
10ന് നടിയും നർത്തകിയുമായ ആശ ശരത്തും വിദ്യാർത്ഥികളും ചേർന്നുള്ള കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും.
8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയാകും. സുവനീർ പ്രകാശനം മന്ത്രി ജി.ആർ.അനിലും സമ്മാനദാനം മന്ത്രി വി.ശിവൻകുട്ടിയും നിർഹിക്കും. മന്ത്രി സജി ചെറിയാനും പങ്കെടുക്കും.
മത്സരാർത്ഥികൾക്ക് തങ്ങാൻ കൊല്ലം നഗരപരിധിയിലെ 31 സ്കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, പി.സി.വിഷ്ണുനാഥ് എം.എൽ.എ, എ.ഡി.പി.ഐ.സന്തോഷ്, ഡി.ഡി.ഇ ലാൽ, മീഡിയ കമ്മിറ്റി ചെയർമാൻ സനൽ ഡി.പ്രേം, കൺവീനർ പോരുവഴി ബാലചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഗ്രോത്രകലകൾ ഉൾപ്പെടുത്താൻ ആലോചന
അടുത്ത തവണ മുതൽ ഗോത്രകലകളും സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കാൻ ആലോചിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അടുത്ത തവണ മാനുവൽ പരിഷ്‌കരിക്കാനും ആലോചനയുണ്ട്.