കൊല്ലം: ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും നവകേരള സദസിൽ ലഭിച്ച പരാതികളുടെ അപ്‌ലോഡിംഗിന്റെയും ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾക്ക് കൈമാറുന്നതിന്റെയും ചുമതല നൽകിയതോടെ കളക്ടറേറ്റിന്റെയും താലൂക്ക് ഓഫീസുകളുടെയും സാധാരണ പ്രവർത്തനം സ്തംഭനത്തിൽ.

വിവിധ ആവശ്യങ്ങൾക്ക് ഈ ഓഫീസുകളിൽ എത്തിയവരെല്ലാം നിരാശരായാണ് മടങ്ങുന്നത്. ഓരോ മണ്ഡലത്തിലും ലഭിച്ച പരാതികൾ സ്കാൻ ചെയ്ത് നവകേരള സദസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ജോലിയിലാണ് താലൂക്ക് ഓഫീസുകളിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും.

കളക്ടറേറ്റിലെ റവന്യു വിഭാഗം ഒന്നാകെ പരാതികൾ വായിച്ച് ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾക്ക് കൈമാറുന്നതിന്റെ ചുമതലയിലാണ്.

ഇതോടെ പട്ടയം, ഭൂമി പതിവ്, ഇനം മാറ്റൽ, തർക്ക പരിഹാരം, ദുരന്ത നിവാരണ സഹായം തുടങ്ങിയ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ദിവസങ്ങളോളം കളക്ടറേറ്റും താലൂക്ക് ഓഫീസുകളും കയറിയിറങ്ങേണ്ട അവസ്ഥയാണ്.

ജില്ലായിലാകെ 50938 പാരാതികളാണ് നവകേരള സദസിൽ ലഭിച്ചത്. ഇതിൽ 95 ശതമാനത്തോളം പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾക്ക് കൈമാറി. ഇതുവരെ ഒരു പരാതിയിലും തീർപ്പായിട്ടില്ല.

ഉദ്യോഗസ്ഥർ നവകേരളസദസ് പരാതി ചുമതലയിൽ

 പരാതികൾ 45 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ കർശന നിർദ്ദേശം

 തീർപ്പാക്കൽ ഏകോപിപ്പിക്കാൻ ജില്ലയുടെ നോഡൽ ഓഫീസറുടെ ഇടപെടൽ വരും ദിവസങ്ങളിലുണ്ടാകും

 ഇതോടെ ഉദ്യോഗസ്ഥർ കൂടുതൽ സമ്മർദ്ദത്തിലാകും

 അതുകൊണ്ട് തന്നെ മറ്റ് ജോലികൾ മാറ്റിവച്ച് ഉദ്യോഗസ്ഥർ പരാതി പരിഹാരത്തിൽ തന്നെയാകും

 റവന്യു വിഭാഗം പരിഹരിക്കേണ്ടതായി പതിനായിരം പരാതികളാണ് എ.ഡി.എമ്മിന് കൈമാറിയിട്ടുള്ളത്

വില്ലേജ് ഓഫീസർമാരുടെ കീശകീറും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായത്തിനുള്ള അപേക്ഷകൾ നവകേരള സദസിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് പകർപ്പ് കൈമാറണമെന്നും നിർദ്ദേശമുണ്ട്. വില്ലേജ് ഓഫീസർമാർ ഈ പകർപ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി സി.എം.ഡി.ആർ.എഫ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പക്ഷെ അക്ഷയ കേന്ദ്രത്തിൽ കൊടുക്കേണ്ട ഫീസിനെക്കുറിച്ച് നിർദ്ദേശങ്ങളില്ല. അതുകൊണ്ട് തന്നെ വില്ലേജ് ഓഫീസർമാർ സ്വന്തം കീശയിൽ നിന്ന് കൊടുക്കേണ്ടി വരും.

പരാതികൾ താലൂക്ക് അടിസ്ഥാനത്തിൽ

കൊല്ലം - 16743

കൊട്ടാരക്കര - 8201

കരുനാഗപ്പള്ളി - 12817

കുന്നത്തൂർ - 5454

പുനലൂർ - 4089

പത്തനാപുരം - 3634

ആകെ - 50938