കൊല്ലം: പതിനഞ്ച് വർഷം പൂർത്തിയായതോടെ ഉപയോഗിക്കാനാകാതെ വന്ന നൂറിലേറെ വാഹനങ്ങൾ ജില്ലയിലെ വിവിധ സർക്കാർ ഓഫീസ് വളപ്പുകളിൽ തുരുമ്പെടുത്ത് നശിക്കുന്നു.

പല വാഹനങ്ങളിലും ഇഴജന്തുക്കൾ താവളമാക്കി ഓഫീസുകളിലേക്ക് എത്തുന്നവർക്കും ഭീഷണി ഉയർത്തുന്നു. പതിനഞ്ച് വർഷം പൂർത്തിയാക്കിയ സർക്കാർ വാഹനങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നതോടെ കാര്യമായ കേടുപാടുകളില്ലാത്ത വാഹനങ്ങൾ പോലും കഴിഞ്ഞ മാർച്ചിൽ ഉപേക്ഷിക്കേണ്ടി വന്നു.

ഇതിൽ പല വാഹനങ്ങളുടെയും ടയറുകൾ അടക്കം കാര്യമായി തേയാത്തവയായിരുന്നു. അതുകൊണ്ട് തന്നെ കാലതാമസമില്ലാതെ ലേലം ചെയ്തിരുന്നുവെങ്കിൽ വൻ വില ലഭിക്കുമായിരുന്നു. ലേലനടപടികൾ വൈകും തോറും സർക്കാരിന് വൻ നഷ്ടമാണ് ഉണ്ടാകുന്നത്.

മറ്റ് പല സംസ്ഥാനങ്ങളിലും വാഹനങ്ങളുടെ വില നിശ്ചയിക്കാൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി ഇത്തരം വാഹനങ്ങൾ ലേലം ചെയ്തു വിറ്റുകഴിഞ്ഞു. പക്ഷെ സംസ്ഥാനത്തിന് ഇതിനുള്ള നടപടികൾ ഇഴയുകയാണ്. ജില്ലയിലെ ഒരു സർക്കാർ ഓഫീസിലെ ഉപേക്ഷിച്ച വാഹനം മോഷ്ടിക്കാനുള്ള ശ്രമവും സമീപ ദിവസമുണ്ടായി.

പുതിയവയ്ക്കായി കാത്തിരിപ്പ്

ഉപേക്ഷിച്ച വാഹനങ്ങൾക്ക് പകരം പുതിയത് കിട്ടാതെ പല സർക്കാർ ഓഫീസുകളും നട്ടം തിരിയുകയാണ്. വാഹനം വാടകയ്ക്കെടുക്കാനും അനുമതിയില്ല. വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ പല വകുപ്പുകളിലെയും ഡ്രൈവർമാർക്ക് കാര്യമായ ജോലിയുമില്ല. റവന്യു, പൊതുവിതരണം അടക്കമുള്ള പല വകുപ്പുകളുടെയും പരിശോധനകളും വാഹനമില്ലാത്തതിനാൽ സ്തംഭിച്ചിരിക്കുകയാണ്.