 അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ എത്തിച്ചില്ല

കൊല്ലം: ഇരു കരയെത്താൻ പുതിയ ജങ്കാറിനായുള്ള മൺറോത്തുരുത്തുകാരുടെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ ആഴ്ച സർവീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ ജങ്കാർ എന്നെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

വൈക്കത്ത് സർവീസിന് ഉപയോഗിച്ചിരുന്ന ജങ്കാർ എത്തിച്ച് സർവീസ് നടത്താനായിരുന്നു ആലോചന. കായംകുളം സ്വദേശിയായ ജങ്കാറിന്റെ ഉടമസ്ഥൻ സർവീസിന് ലൈസൻസ് ആവശ്യപ്പെട്ട് പനയം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. അനുമതിക്ക് പുറമേ നിരക്ക് വർദ്ധനവും ജങ്കാർ അടുപ്പിക്കാനുള്ള സൗകര്യം പേഴുതുരുത്ത് കടവിൽ ഒരുക്കി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇക്കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉടമസ്ഥൻ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ എത്തിച്ചതുമില്ല.

പെരുമൺ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതോടെ പഴയ ‌ജങ്കാർ അടുപ്പിക്കുന്നത് പട്ടംതുരുത്തിലേക്ക് മാറ്റിയിരുന്നു. കൂടുതൽ ദൂരം ഓടേണ്ടി വന്നതിനാൽ സർവീസിൽ നിന്നും കാര്യമായ ലാഭം നടത്തിപ്പുകാർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് പുതുതായി എത്തിയ ജങ്കാർ ഉടമ പേഴുംതുരുത്തിൽ കടവ് ഒരുക്കിനൽകണമെന്ന് ആവശ്യപ്പെട്ടത്. മുൻകാലങ്ങളെ അപേക്ഷിച്ച് യാത്രക്കാർ കുറവായത് കാരണം ഇന്ധനത്തിനും ജീവനക്കാർക്ക് ശമ്പളത്തിനുമുള്ള വരുമാനമേ കഷ്ടിച്ച് ലഭിക്കാൻ സാദ്ധ്യതയുള്ളു. അതുകൊണ്ടാണ് ജങ്കാർ ഉടമസ്ഥൻ നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ചാരികൾ വൻതോതിൽ എത്തുന്ന അവധി ദിവസങ്ങളിൽ മാത്രമേ കാര്യമായ വരുമാനത്തിന് സാദ്ധ്യതയുള്ളു.

ചുറ്റിക്കറങ്ങി യാത്രാ ദുരിതം

ഉടമസ്ഥൻ ജങ്കാർ കൊണ്ടുപോയതോടെ കഴിഞ്ഞ ഒക്ടോബർ പകുതിയോടെയാണ് സർവീസ് നിലച്ചത്. ഇതോടെ മൺറോത്തുരുത്തുകാർ കുണ്ടറ വഴി 25 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് കൊല്ലത്തേക്ക് എത്തിയിരുന്നത്. ജങ്കാർ നിലച്ചതോടെ മൺറോതുരുത്ത് വഴി കുന്നത്തൂർ ഭാഗത്തേക്ക് പോയിരുന്ന പനയം പഞ്ചായത്തിലെ ജനങ്ങളും ദുരിതത്തിലായി. ഇതോടെയാണ് പനയം പഞ്ചായത്ത് ജങ്കാർ സർവീസ് ആരംഭിക്കാൻ മുൻകൈയെടുത്തത്. നേരത്തെ ഉണ്ടായിരുന്ന ജങ്കാർ മൺറോതുരുത്ത് പഞ്ചായത്തുമായി കരാർ ഒപ്പിട്ടാണ് സർവീസ് നടത്തിയിരുന്നത്.

ജങ്കാർ അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിക്കാത്തതിനാലാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നത്.

കെ.രാജശേഖരൻ