ചവറ: നവീകരണത്തിന്റെ ഭാഗമായി ദേശീയപാതയിൽ നീണ്ടകര വേട്ടുതറയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ദേശീയപാതയിൽ നിന്ന് പ്രധാന പാതയായ വേട്ടു തറ- ദളവാപുരഭാഗം വഴി തെക്കുംഭാഗം, തേവലക്കര ശാസ്താംകോട്ട പോകുന്ന പ്രധാന റോഡാണിത്. അതോടൊപ്പം ശാസ്താംകോട്ട വഴി കൊല്ലത്ത് എത്തിച്ചേരുന്ന ഈ റോഡിൽ കെ.എസ്. ആർ .ടി.സി ഉൾപ്പെടെ നുറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് സഞ്ചാരികളും ഉണ്ടെന്നത് ബന്ധപ്പെട്ട അധികാരികൾക്ക് അറിയാമായിട്ടും അധികാരികളും ഉദ്യോഗസ്ഥരും നടത്തുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ സർവകക്ഷി യോഗം പ്രതിഷേധത്തിലാണ്. തെക്കും ഭാഗം, തേവലക്കര, നീണ്ടകര പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും വിവിധ സാസ്കാരിക, സാമുദായിക ഭാരാവാഹികൾ, സംഘടനകളുടെയും ക്ലബുകളുടെയും ഭാരവാഹികൾ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. നാളെ വേട്ടുതറയിൽ രാവിലെ 11ന് സർവകക്ഷി യോഗത്തിന്റെ പ്രതിഷേധം നടക്കുമെന്ന് ചെയർമാൻ തങ്കച്ചി പ്രഭാകരനും കൺവീനർ ബാജി സേനാധിപനും അറിയിച്ചു.