കൊട്ടാരക്കര: നഗരസഭയ്ക്ക് കെട്ടിടം നിർമ്മിക്കാൻ കെ.ഐ.പി ഭൂമി അനുവദിച്ചുകൊണ്ട് ഉത്തരവായി. ഉടമസ്ഥാവകാശമില്ല. രവിനഗറിൽ ബി.എസ്.എൻ.എൽ ടവറിന് എതിർവശമുള്ള 50 സെന്റ് ഭൂമിയാണ് അനുവദിച്ചത്. കെ.ഐ.പിയുടെ ഉടമസ്ഥതയിലുള്ള 1.30 ഏക്കർ ഭൂമിയിൽ നിന്നാണ് നഗരസഭയ്ക്ക് ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനായി ഭൂമി അനുവദിച്ചത്. അപ്പോഴും ഉടമസ്ഥാവകാശം ജലസേചന വകുപ്പിന് തന്നെയായിരിക്കും.
ആസ്ഥാന സമുച്ചയമൊരുക്കും
നഗരസഭ ആസ്ഥാന മന്ദിരം, സാംസ്കാരിക നിലയം, വർക്സ് നിയർ ഹോം പദ്ധതികൾ സ്ഥാപിക്കാനായി സ്ഥലം ഉപയോഗിക്കുന്നതിനായി രണ്ടര ഏക്കർ ഭൂമിയാണ് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 50 സെന്റ് ഭൂമിയാണ് അനുവദിച്ചത്. നഗരസഭക്ക് കെട്ടിടം നിർമ്മിക്കാമെങ്കിലും ഉടമസ്ഥാവകാശം ജലസേചന വകുപ്പിൽ നിന്നും മാറ്റിയിട്ടുമില്ല. ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമോയെന്നാണ് ആശങ്ക.
കൂടുതൽ ഭൂമി വേണ്ടിവരും
നഗരസഭ ആസ്ഥാനം നിർമ്മിക്കാനായി നേരത്തേതന്നെ 5 കോടി രൂപ അനുവദിച്ചിരുന്നു. ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കിയശേഷം അവിടെ ആസ്ഥാനമന്ദിരം നിർമ്മിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടത്. ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കിയെങ്കിലും കെട്ടിട നിർമ്മാണം നടന്നില്ല. അവിടെ ഇനി മിനി കോൺഫറൻസ് ഹാളും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ പദ്ധതിയായിട്ടുണ്ട്. കെ.ഐ.പി ഭൂമി വിട്ടുകിട്ടുമ്പോൾ നഗരസഭ ആസ്ഥാന മന്ദിരം, സാംസ്കാരിക നിലയം, വർക്സ് നിയർ ഹോം എന്നിവ തുടങ്ങാനാണ് ആലോചിച്ചിരുന്നത്. എന്നാൽ 50 സെന്റ് ഭൂമി മാത്രമാണ് കെട്ടിടം നിർമ്മിക്കാനായി വിട്ടുനൽകിയത്. മറ്റ് പദ്ധതികൾ നടപ്പാക്കാൻ കൂടുതൽ ഭൂമി വേണ്ടിവരും.