കുളത്തുപ്പുഴ: പൊതുജന ആരോഗ്യ സംരക്ഷണം, മാലിന്യനിവാരണം, അണുബാധ നിയന്ത്രണം, പരിസ്ഥിതി സൗഹൃദം എന്നിവ വിലയിരുത്തി കുളത്തൂപ്പുഴ ഗവൺമെന്റ് ആശുപത്രിക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന സ്വച്ച് ഭാരത് അഭിയാൻ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കായ കൽപ്പ അവാർഡിന് അർഹത നേടി. ദേശീയ ആരോഗ്യ ദൗത്യസംഘം നേരിട്ട് എത്തി പരിശോധന നടത്തിയതിന് പിന്നാലെ സംസ്ഥാനത്തെ 229 കമ്മ്യൂണിറ്റി സെന്ററുകളുടെയും പൊതു ഇടങ്ങളിലെയും മാലിന്യമുക്ത സാഹചര്യം വിലയിരുത്തി തിരഞ്ഞെടുത്ത 24 കേന്ദ്രങ്ങളിൽ ഒന്നായാണ് കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ പരിഗണിച്ചതെന്ന് ദേശീയ ആരോഗ്യ ദൗത്യസംഘം സംസ്ഥാന കൺസൾട്ടന്റായ ഡോ.ജോർജ് കെ.ഫിലിപ്പ് അഭിപ്രായപ്പെട്ടു.
സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലും, പൊതുവിടങ്ങളിലും സന്ദർശനം നടത്തിയ സംഘത്തിനെ കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി നജീം, മെഡിക്കൽ ഓഫീസർ പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എന്നിവർ അനുഗമിച്ചു.