കൊല്ലം: മുൻവിരോധത്താൽ യുവവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. ശക്തികുളങ്ങര കന്നിമേൽച്ചേരിയിൽ മോഹൻദാസാണ് (34) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മുജീബിനെ നേരത്തെ പിടികൂടിയിരുന്നു. കൊല്ലം വെസ്റ്റ്, ചെറുകുളം സ്വദേശിയായ ജോബിനെയാണ് ഇവർ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ 22ന് വൈകിട്ട് മോഹൻദാസും മുജീബും അടക്കമുള്ള പ്രതികൾ മൂലങ്കര ജനതാ പ്രസിന് സമീപം വച്ച് കാറിൽ വരികയായിരുന്ന ജോബിനെ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികൾ കല്ലെറിഞ്ഞത് ചോദ്യംചെയ്യാൻ ഇയാൾ വന്നതാണെന്ന് കരുതിയാണ് പ്രതികൾ ആക്രമണം നടത്തിയത്. കാറ്റാടി കമ്പ്‌ കൊണ്ടും തടിക്കഷ്ണം കൊണ്ടുമുള്ള ആക്രമത്തിൽ പരാതിക്കാരന് തലയ്ക്ക് പരിക്കേൽക്കുകയും മുഖത്തെ അസ്ഥിക്ക് പൊട്ടലേൽക്കുകയും ചെയ്തു.