
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാക്കളെ ആക്രമിച്ച് മൂന്ന് കിലോഗ്രാം സ്വർണ്ണം തട്ടിയെടുത്ത കേസിൽ 19 പേർ അറസ്റ്റിലായെങ്കിലും കണ്ടെടുത്തത് മുക്കാൽ കിലോഗ്രാം സ്വർണ്ണം മാത്രം. കേരളത്തിലും തമിഴ്‌നാട്ടിലും അരിച്ചുപെറുക്കിയാണ് സ്വർണ്ണം കണ്ടെടുക്കാനായത്. ഭൂരിഭാഗം സ്വർണ്ണക്കവർച്ചാകേസിലും സ്ഥിതി വ്യത്യസ്തമല്ല. കവർച്ചക്കാർ അയൽ സംസ്ഥാനങ്ങളിലേക്ക് നിരവധി ഇടനിലക്കാരിലൂടെ സ്വർണ്ണം കൈമാറും. ആഭരണങ്ങൾ ഉടനെ ഉരുക്കി രൂപം മാറ്റും. അതേസമയം, അനുദിനം വിലകൂടുന്ന സാഹചര്യത്തിൽ സ്വർണ്ണം കൊണ്ടുപോകുമ്പോഴും വീട്ടിൽ സൂക്ഷിക്കുമ്പോഴും ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
കീരിക്കാടൻ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. എറണാകുളം കുറുപ്പുംപടി സ്വദേശിയായ നിരവധി കവർച്ചാ കേസിലും വധശ്രമക്കേസിലും പ്രതിയായ കീരിക്കാടൻ ലാലു എന്നറിയപ്പെടുന്ന ലാലു ലിജോ (28) അടക്കം പിടിയിലായിട്ടും സ്വർണ്ണം കണ്ടെത്താനാവാത്തത് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നു. കൊല്ലം പാരിപ്പള്ളിയിലെ ഒളിവ് സങ്കേതത്തിൽ നിന്നുമാണ് ലാലു ലിജോയെ പിടികൂടുന്നത്. സെപ്തംബർ എട്ടിന് രാത്രിയിലായിരുന്നു കവർച്ച. കൊക്കാലെയിൽ നിന്ന് മാർത്താണ്ഡത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്ന് കിലോ സ്വർണ്ണമാണ് കാറിലെത്തിയ ക്രിമിനൽ സംഘം കവർന്നത്. സ്വർണക്കടയിലെ മുൻ ജീവനക്കാരനായിരുന്നു ഒറ്റുകാരൻ.
കണ്ണുവെച്ച് ക്വട്ടേഷൻ സംഘങ്ങൾ
സ്വർണ്ണക്കവർച്ചയ്ക്ക് വ്യാപകമായി ക്വട്ടേഷൻ സംഘങ്ങളും കണ്ണുവെയ്ക്കുന്നുണ്ട്. എറണാകുളത്തെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘമാണ് കീരിക്കാടൻ ബ്രദേഴ്‌സ് എന്ന ക്വട്ടേഷൻ സംഘം. സഹോദരങ്ങളായ ലാലു, ലിന്റോ, ലിയോ എന്നിവർ നേതൃത്വം നൽകുന്ന ക്വട്ടേഷൻ സംഘമാണ് കീരിക്കാടൻ ബ്രദേഴ്‌സ്. വിവിധ ജില്ലകളിലും തമിഴ് നാട്ടിലും നിരവധി കേസുണ്ട്. കീരിക്കാടൻ ലിന്റോ ഈ കവർച്ചാ കേസിൽ പിടിയിലായി ജയിലിലാണ്. ഇയാൾക്കെതിരെ കവർച്ചാ കേസും കൊലപാതക കേസുമുണ്ട്. ഈ സംഘത്തിലെ ഇവരുടെ സഹോദരൻ ലിയോ മയക്കുമരുന്ന് കേസിൽപെട്ട് മലമ്പുഴ ജയിലിലാണ്. സ്വർണ്ണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് നാലുപേർ അന്വേഷണസംഘത്തിന്റെ പിടിയിലായിട്ടുണ്ട്.
കാവൽ നായ്ക്കൾ വെല്ലുവിളി
ലാലു ഒളിവിൽ കഴിഞ്ഞുവന്നിരുന്നത് കൊല്ലം പാരിപ്പള്ളിയിലെ ചുറ്റുമതിലുള്ള വലിയ രണ്ടു നില വീട്ടിലായിരുന്നു. കാവലായി അപകടകാരികളായ അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപെട്ട രണ്ട് നായകളെ വളർത്തിയിരുന്നു. ഒളിവുസങ്കേതത്തിൽ നിന്നും വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്, കവർച്ച, തട്ടിപ്പ് കേസിൽപ്പെട്ട പ്രതികളിലേറെയും കാവലിന് അപകടകാരികളായ നായ്ക്കളെ വളർത്തുന്നത് പൊലീസിനും എക്‌സൈസിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.
അന്വേഷണസംഘം
ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി തോമസ്, ഈസ്റ്റ് ഇൻസ്‌പെക്ടർ സി.അലവി, സിറ്റി ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പി.രാഗേഷ്, എ.എസ്.ഐമാരായ ടി.വി.ജീവൻ, സി.ജയലക്ഷ്മി, സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത് കുമാർ, എം.എസ്.ലിഗേഷ്.