കുന്നംകുളം: തൃശൂർ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തെത്തുടർന്ന് ലോറി നടുറോഡിൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം - തൃശൂർ റോഡിൽ ഫുഡ് മാജിക്‌ഹോട്ടലിന് സമീപം ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ എതിരെ വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുവീണ ലോറിയിൽ നിന്നും ഓയിൽറോഡിൽ ഒഴുകി. തുടർന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനയെത്തി റോഡിൽ വെള്ളം അടിച്ചാണ് ഓയിൽ നീക്കം ചെയ്തത്.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ സുകുമാരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മറിഞ്ഞലോറി സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തെത്തുടർന്ന് കുന്നംകുളം തൃശൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. സംഭവസ്ഥലത്തെത്തിയ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരായ വിഷ്ണു, അജു എന്നിവരും കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകരും യാത്രക്കാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.