mental

തൃശൂർ : മാനസികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങളുടെ ഗുണഭോക്താക്കൾക്ക് അവരുടെ പരിചാരകർക്കുമായുള്ള രണ്ട് സ്വാശ്രയ കൂട്ടായ്മകൾ പ്രവർത്തനമാരംഭിച്ചു. സൈക്കോട്ടിക് രോഗങ്ങൾ അനുഭവിച്ചവർക്കും അവരുടെ പരിചാരകർക്കും കുടുംബാംഗങ്ങൾക്കുമായി 'ചൈതന്യം' എന്ന പേരിലും ബൈപോളാർ രോഗങ്ങൾ അനുഭവിക്കുന്നവർക്കും അവരുടെ പരിചാരകർക്കുമായി 'നിറവ്' എന്ന പേരിലുമാണ് രണ്ട് സ്വാശ്രയ കൂട്ടായ്മകൾ പ്രവർത്തനമാരംഭിച്ചത്. കൂട്ടായ്മകളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.ബേബി ലക്ഷ്മി, സീനിയർ കൺസൾട്ടന്റ് ഡോ.കെ.പി.തോമസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ സി.കെ.ബഷീർ, ബാലസുന്ദർ, ഡോ.ട്രീസ തുടങ്ങിയവർ പങ്കെടുത്തു.