
തൃശൂർ: ദേശീയ മെഡിക്കൽ കമ്മിഷന്റെ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ധന്വന്തരിയെ മതവുമായി ബന്ധപ്പെടുത്താതെ ചികിത്സകനായി വിലയിരുത്തിയാൽ ഭാരതീയ ദർശനത്തിലെ നാനാത്വത്തിൽ ഏകത്വത്തിന് തുല്യമാണെന്നും അത് മനസിലാക്കാത്തത് കൊണ്ടാണ് എതിർപ്പുണ്ടാകുന്നതെന്നും ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ.
വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന പരമ്പരാഗത ചികിത്സാരീതികൾ ശാസ്ത്രീയാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തി ലോകജനതയുടെ ആരോഗ്യരംഗം പരിഷ്‌കരിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടിരുന്നു. ലോകം ആരോഗ്യരംഗത്ത് ഉറ്റു നോക്കുന്നത് ഇന്ത്യയെയാണ്. 'വൺ ഹെൽത്ത് വൺ എർത്ത് എന്ന ലക്ഷ്യം നിലവിൽ വരുമ്പോൾ ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ സാദ്ധ്യതകളെയാണ് ഡയറക്ടർ ജനറൽ എടുത്തുകാണിക്കുന്നത്. ശാരീരികവും മാനസികവുമായ എല്ലാവിധ രോഗങ്ങളെയും ചികിത്സിച്ചു ഭേദമാക്കുന്ന അപൂർവ വൈദ്യനാണ് ധന്വന്തരി. ഇതുകൊണ്ടാണ് ധന്വന്തരി ജയന്തി നാഷണൽ ആയുർവേദ ദിനമായി ഇന്ത്യ മുഴുവൻ ആചരിക്കുന്നത്. പുതിയ ലോഗോ അംഗീകരിച്ച് ഇന്ത്യയൊട്ടാകെ നടപ്പിലാക്കണമെന്ന് പ്രസിഡന്റ് ഡോ.പി.രാംകുമാർ, ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ, ട്രഷറർ ഡോ.ഇ.ടി.നീലകണ്ഠൻ മൂസ് എന്നിവർ ആവശ്യപ്പെട്ടു.