cou


കുന്നംകുളം: നവംബർ നാലിന് കുന്നംകുളം നിയോജക മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിന് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, ആർ.എം.പി പ്രതിഷേധം. കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ ചേംബറിന് മുൻപിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആർ.എം.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ പൊതുപ്രചാരണത്തിനായി സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നഗരസഭ ഒരു ലക്ഷം രൂപ അനുവദിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടിനിട്ടാണ് തീരുമാനിച്ചത്. ആർ.എം.പി അംഗങ്ങൾ ഇറങ്ങിപ്പോയി. നവകേരള സദസ് കേരളത്തിന്റെ ധൂർത്താണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ നവകേരളത്തെ സൃഷ്ടിക്കുന്നതിനായുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്ന മാതൃകയാണ് നവകേരള സദസെന്ന് സി.പി.എം അംഗങ്ങൾ വ്യക്തമാക്കി.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഏഴാം ഡി.പി.ആറിന് രണ്ടുകോടി 36 ലക്ഷം രൂപ ഹഡ്‌കോയിൽ നിന്നും വായ്പയെടുക്കുമെന്ന് ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ വ്യക്തമാക്കി. കൗൺസിലിൽ യോഗ തീരുമാനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് അംഗം ബിജു സി. ബേബിയുടെ പരാതി പരിഹരിക്കുമെന്ന് ചെയർപേഴ്‌സൺ സൂചിപ്പിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. സുരേഷ്, ടി. സോമശേഖരൻ, കൗൺസിലർമാരായ എ.എസ്. സുജീഷ്, കെ.കെ. മുരളി, വി.കെ. സുനിൽകുമാർ, സിഗ്മ രജീഷ്, രേഷ്മ സുനിൽ, പി.സി. ദിവ്യ, ഗീതശശി, ബിനു പ്രസാദ്, എന്നിവർ പ്രസംഗിച്ചു.