sumith

തൃശൂർ: ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് തരപ്പെടുത്തി വിതരണം ചെയ്യുന്ന ഏജന്റ് പിടിയിൽ. വെസ്റ്റ് മുംബയ് എൽ.ബി.എസ് മാർഗിൽ താമസിക്കുന്ന പശ്ചിമംബംഗാൾ സതീഷ് ചാന്ദിഭാ റോഡ് സുമിത് കുമാർ ഗുപ്തയാണ് (36) തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. സാധാരണക്കാരെ കബളിപ്പിച്ച് രേഖകളും ഫോട്ടോകളും തരപ്പെടുത്തി, ബാങ്ക് അക്കൗണ്ട് തുറക്കുകയും അത് സൈബർ തട്ടിപ്പുകാരുടെ ഇടപാടുകൾക്കായി വിൽപ്പന നടത്തുകയുമായിരുന്നു.

പാർട് ടൈം ജോലി എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് യൂട്യൂബ് ചാനലുകൾ ലൈക്ക് ചെയ്താൽ പണം നൽകാം എന്ന് വാഗ്ദാനം നടത്തി ചേറൂർ പള്ളിമൂല സ്വദേശിനിയിൽ നിന്നും 51.37 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്രയിലെ കോലാപൂർ എന്ന സ്ഥലത്തെ ഒരു സ്‌കൂളിലെ 17 അദ്ധ്യാപികമാരെ പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ രേഖകളും ഫോട്ടോകളും ഇയാൾ കൈക്കലാക്കി തട്ടിപ്പുകാർക്ക് കൈമാറി. തൃശൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്രയിലെ കോലാപൂരിലെ അദ്ധ്യാപകരുടേതാണെന്ന് കണ്ടെത്തി. സൈബർ തട്ടിപ്പിൽ അദ്ധ്യാപകർ ഉൾപ്പെടാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് മനസിലാക്കിയ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഇതിന് പിറകിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനായത്. സമാനമായ സൈബർ തട്ടിപ്പ് നടത്തിയതിന് ഇയാൾ നേരത്തെ മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായി റിമാൻഡിലായിരുന്നു. മഹാരാഷ്ട്ര കോടതിയിൽ നിന്നുമാണ് തൃശൂർ സിറ്റി സൈബർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.