koodal

ഇരിങ്ങാലക്കുട : ജീർണാവസ്ഥയിൽ നിൽക്കുന്ന കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുര നവീകരിക്കാൻ തീരുമാനം. പടിഞ്ഞാറെ ഊട്ടുപുരയിൽ ചേർന്ന ദേവസ്വം ഭരണസമിതിയുടെയും ഭക്തജനങ്ങളുടെയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ ഗോപുരം നവീകരണ മാതൃകയിൽ നടപ്പുര നവീകരിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയോട് അഭ്യർത്ഥിച്ചു.

ഇക്കാര്യത്തിൽ കൂടിയാലോചിച്ച ശേഷം അടുത്ത യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് അംഗങ്ങൾ പറഞ്ഞു. പടിഞ്ഞാറെ നടപ്പുരയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിൽ ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചർച്ചകൾക്കും റിപ്പോർട്ടുകൾക്കുമായി 11ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.
ഉത്സവകാലത്ത് പത്ത് ദിവസം 17 ആനകളും നൂറിലേറെ മേളക്കാരും ആയിരക്കണക്കിന് ഭക്തജനങ്ങളും എത്തുന്ന നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്ക് പടിഞ്ഞാറ് നടപ്പുരകളുടെ മേൽക്കൂര ജീർണാവസ്ഥയിലാണ്. മേൽക്കൂര തകർന്ന് വീഴാതിരിക്കാൻ പടിഞ്ഞാറെ നടപ്പുര ഓലമേഞ്ഞാണ് നിറുത്തിയത്. ഇതിന്റെ കേടായ ഉത്തരവും കഴുക്കോലും പട്ടികകളുമടക്കമുള്ളതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം. പല ഉത്തരങ്ങളും ഇപ്പോൾ ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ബലപ്പെടുത്തിയത്. ബലക്ഷയം സംഭവിച്ച തൂണുകൾ ബലപ്പെടുത്തണം. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കി പണിയാനായിരുന്നു ദേവസ്വം തീരുമാനം. എന്നാൽ പദ്ധതിക്ക് അനുമതി കിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങളുടെ സഹായത്തോടെ നടപ്പുര പുതുക്കി പണിയാൻ തീരുമാനിച്ചത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഉഷാ നന്ദിനി, ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.