
ഗുരുവായൂർ: കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയ സംഭവം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മന്ത്രി ബിന്ദു രാജിവയ്ക്കണമെന്ന് മാത്രം ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുരുവായൂരിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നും സ്വീകരിക്കാറുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ ചെലവിൽ നടത്തുന്ന നുണപ്രചാരണമാണ് നവകേരള സദസെന്നും, നുണ കേരള സദസാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിൽ എത്തുന്നതോടെ നവകേരള സദസിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.