yedhu

ഒല്ലൂർ: തൃശൂരിലെ സ്വർണാഭരണങ്ങൾ ഹാൾ മാർക്കിംഗ് ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കുരിയച്ചിറ ഡോൺബോസ്‌കോ റോഡിലെ സ്വർണാഭരണ വിൽപ്പനശാലയിലേക്ക് കൊടുത്തയച്ച 235 ഗ്രാം സ്വർണാഭരണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ ഒല്ലൂർ പൊലീസിന്റെ പിടിയിലായി.

കുട്ടനെല്ലൂർ തോട്ടപ്പടി പുളിക്കത്തറ യദുകൃഷ്ണൻ (19), പ്രായപൂർത്തിയാകാത്ത 17 വയസുള്ള കുട്ടി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വർണാഭരണം ഹാൾമാർക്കിംഗ് നടത്തുന്ന സ്ഥാപനത്തിൽ നിന്നും അവിടെ ജോലിചെയ്യുന്ന ജോസഫ് എന്ന ജീവനക്കാരൻ വശം 235 ഗ്രാം തൂക്കം വരുന്ന സ്വർണാഭരങ്ങൾ കുരിയച്ചിറയിലെ സ്വർണാഭരണ വിൽപ്പനശാലയിലേക്ക് കൊടുത്തയച്ചിരുന്നു. അയാൾ കുരിയച്ചിറയിലെ സ്ഥാപനത്തിലെത്തുന്നതിന് തൊട്ടുമുമ്പ്, കുരിയച്ചിറ ഡോൺബോസ്‌കോ ലൈനിലെത്തിയപ്പോൾ, മുഖത്ത് മാസ്‌ക് ധരിച്ച ഒരാൾ ജോസഫിന്റെ കൈവശമുണ്ടായിരുന്ന സ്വർണാഭരണമടങ്ങിയ പൊതി വാങ്ങിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കും എന്നുകരുതി, ജോസഫ് അയാളുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഹാൾമാർക്ക് ചെയ്ത സ്വർണാഭരണം ജ്വല്ലറിയിലേക്ക് എത്താത്തതിനെ തുടർന്ന് ഉടമസ്ഥർ തമ്മിൽ പരസ്പരം ബന്ധപ്പെട്ടപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതിയായ യദുകൃഷ്ണനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.