
തൃശൂർ : ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയം കേരളത്തിന് തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എൻ.ഡി.എ ജില്ലാക്കമ്മിറ്റി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അറബ് രാജ്യങ്ങൾ പോലും അനുമതി നിഷേധിച്ച ഹമാസ് ഭീകരർക്ക് കേരളത്തിൽ പ്രസംഗിക്കാൻ സൗകര്യമൊരുക്കിയത് ദേശസുരക്ഷയെ ബാധിക്കുന്ന കൊടുംകുറ്റമാണ്. കേരളത്തിലെ കുട്ടികളെ മതമൗലികവാദത്തിലേക്കും ഭീകരതയിലേക്കും നയിക്കാനേ ഇത്തരം നിലപാട് സഹായിക്കൂ. കമ്യൂണിസ്റ്റുകളും കോൺഗ്രസും കാണിക്കുന്ന മതപ്രീണനം കേരളത്തിലെ സാമൂഹ്യജീവിതത്തെ പ്രതിസന്ധിയിലാക്കും. മുസ്ലീം സമൂഹത്തിനുള്ളിൽ വർഗീയ ധ്രുവീകരണത്തിനാണ് ഇവരുടെ ശ്രമം. പ്രീണന രാഷ്ട്രീയം തീവ്രവാദത്തിന് വളമാകും. ലോകമെങ്ങും തീവ്രവാദവും ഭീകരതയും നിലനിൽക്കുന്ന രാജ്യങ്ങൾ സാമ്പത്തികമായി തകരുന്ന കാഴ്ചയാണ്. എല്ലാത്തരം ഭീകരപ്രവർത്തനങ്ങളെയും എതിർക്കുന്ന നിലപാടാണ് എൻ.ഡി.എയുടേതെന്നും മന്ത്രി പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരള സർക്കാരിന്റേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന് പറഞ്ഞ കോൺഗ്രസ് എം.പിക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഹമാസ് ഭീകരതയ്‌ക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കുന്നു. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ക്രൈസ്തവ സഭകൾ ഉൾപ്പെടെ പ്രകടിപ്പിച്ച ആശങ്ക കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, സി.ഡി.ശ്രീലാൽ, കാസ ജില്ലാ പ്രസിഡന്റ് പ്രസ്റ്റോ സെൽവൻ, സി.നിവേദിത, ബി.ഗോപാലകൃഷ്ണൻ, എ.നാഗേഷ്, എം.എസ്.സമ്പൂർണ, ഷാജുമോൻ വട്ടേക്കാട്, രവികുമാർ ഉപ്പത്ത് , ജസ്റ്റിൻ ജേക്കബ്, കെ.ആർ ഹരി തുടങ്ങിയവർ പങ്കെടുത്തു.