1

തൃശൂർ: നെല്ല് സംഭരണത്തിൽ കർഷകർക്ക് അനുവദിച്ചിരുന്ന പ്രോത്സാഹനത്തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും കോൾ മേഖലയിലെ ചണ്ടിയും കുളവാഴയും നീക്കുന്നതിന് മതിയായ തുക ജലസേചന വകുപ്പ് ബഡ്ജറ്റിൽ വകയിരുത്തണമെന്നും ആവശ്യപ്പെട്ട് കോൾകർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്.

കേന്ദ്ര സർക്കാർ ഓരോ വർഷവും ഉത്പാദനച്ചെലവിലുള്ള വർദ്ധനവ് കണക്കാക്കി സംഭരണ വില കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ 2020 - 21 മുതൽ പ്രോത്സാഹനത്തുക കുറയ്ക്കുന്നുവെന്നും 2020 - 21 മുതൽ 2 രൂപ 43 പൈസ കുറച്ചുവെന്നും കോൾ കർഷക സംഘം ആരോപിച്ചു. കൂലിച്ചെലവിലെ വർദ്ധന കണക്കിലെടുത്ത് സംഭരണം ആരംഭിച്ചത് മുതൽ പ്രോത്സാഹനത്തുക മുൻ സർക്കാരുകൾ നൽകിയിരുന്നു. ഈ തുകയാണ് കഴിഞ്ഞ മൂന്ന് വർഷമായി വർദ്ധിപ്പിക്കുന്നതിന് പകരം വെട്ടിക്കുറച്ചതെന്നും ഇതിനാൽ യഥാസമയം കൃഷിയിറക്കാൻ കർഷകരുടെ പരാതി.

ചണ്ടിയും വെള്ളക്കെട്ടും മാറ്റിക്കിട്ടാൻ രണ്ട് മാസം മുൻപേ കോൾ കർഷകർ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ചെമ്പൂക്കാവ് ഓഫീസിൽ നാലു മണിക്കൂർ നേരം കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. ഫണ്ട് ഇല്ലാത്തതിനാലാണ് പ്രവൃത്തി വൈകുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫണ്ട് ഉടൻ പാസാക്കാമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പും ലഭിച്ചതോടെ സമരം പിൻവലിച്ചെങ്കിലും ഇപ്പോഴും പൂർണമായും ചണ്ടി നീക്കാനായിട്ടില്ല. എങ്കിലും, പകുതിയിലേറെ പാടങ്ങളിൽ കൃഷി തുടങ്ങിയിട്ടുണ്ട്.


പതിവ് തെറ്റി

സപ്തംബർ മാസാവസാനം ആരംഭിച്ച് ഫെബ്രുവരി അവസാനത്തിലാണ് മുണ്ടകൻ കൃഷി. നവംബർ മാസാവസാനം ആരംഭിച്ച് ഏപ്രിൽ മാസാവസാനമാണ് പുഞ്ചക്കൊയ്ത്ത്. സെപ്തംബർ 30നകം വിതയിറക്കുംവിധം പ്രവൃത്തികൾ പൂർത്തീകരിക്കാനായിരുന്നും തീരുമാനം. എന്നാൽ, പുല്ലഴി, അയ്യന്തോൾ, അരിമ്പൂർ, പറപ്പൂർ, പാവറട്ടി മേഖലകളിലെ ഉൾച്ചാലുകളിലെല്ലാം ചണ്ടി മാറ്റാനായില്ല. ചണ്ടി കാരണം ഈ വർഷം കൃഷി വൈകുകയായിരുന്നു.

ജില്ലയിലെ കോൾകൃഷി: 30,000 ഏക്കർ

കൃഷിയിറക്കുന്നത് : 25,000 ഏക്കർ

കൊയ്ത്ത് : മാർച്ച് ഏപ്രിൽ

11 ന് ഉപവാസം

കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ 11ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തൃശൂർ ജില്ലാ കോൾ കർഷക സംഘം ഉപവാസം അനുഷ്ഠിക്കും. പ്രസിഡന്റ് കെ.കെ. കൊച്ചു മുഹമ്മദ്, ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, ഗോപി കൊളങ്ങാട്ട്, വി.എൻ. ഉണ്ണിക്കൃഷ്ണൻ, ദിവാകരൻ മുരിയാട്, എം. രാധാകൃഷ്ണ മേനോൻ, കെ.ജി. ഉണ്ണികൃഷ്ണൻ, പഴോര് അപ്പുക്കുട്ടൻ, സെബി അന്തിക്കാട്, എം.വി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.

ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണം. നിരവധി പ്രതിസന്ധികളിലൂടെയാണ് കോൾ

കർഷകർ കടന്നുപോകുന്നത്.

- കെ.കെ. കൊച്ചു മുഹമ്മദ് , പ്രസിഡന്റ്, തൃശൂർ ജില്ലാ കോൾ കർഷക സംഘം