തൃശൂർ: കേരള നോളജ് ഇക്കോണമി മിഷന്റെയും തൃശൂർ ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സമഗ്ര ഭിന്നശേഷി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി. പദ്ധതിയുടെ ഭാഗമായി നടക്കുന്ന രജിസ്‌ട്രേഷനിലും കരിയർ കൗൺസലിംഗിലും പങ്കെടുക്കാൻ താത്പര്യമുള്ള ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ഹാളിലെത്തണം. പ്ലസ് ടു, ഐ.ടി.ഐ, പോളി തുടങ്ങിയ അടിസ്ഥാന യോഗ്യതകളോ ഉന്നത യോഗ്യതകളോ ഉള്ളവർക്ക് പങ്കെടുക്കാം. ഭിന്നശേഷി വിഭാഗത്തിൽ 2611 പേരാണ് ജില്ലയിൽ നിന്ന് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 18നും 45നുമിടയിലുള്ള തൊഴിൽ അന്വേഷകർക്കുള്ളതാണ് പദ്ധതി.