തൃശൂർ: റവന്യൂ ജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന് പൂര നഗരയിൽ അരങ്ങൊരുങ്ങുന്നു. ആറു മുതൽ ഒമ്പത് വരെ നഗരത്തിലെ 16 വേദികളിലായി നൂറിലേറെ ഇനങ്ങളിലാണ് മത്സരം നടക്കുക. ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ ഡി. ഷാജിമോൻ അറിയിച്ചു. 12 ഉപജില്ലകളിൽ നിന്നായി 7500 പ്രതിഭകൾ പങ്കെടുക്കും. ഓഫ് സ്റ്റേജ് മത്സരങ്ങൾ 6, 7 തീയതികളിലും സ്റ്റേജ് മത്സരങ്ങൾ 8, 9 തീയതികളിലും നടക്കും.
ഹോളി ഫാമിലി സ്‌കൂളാണ് പ്രധാനവേദി. എട്ടിന് രാവിലെ പത്തിന് പ്രധാനവേദിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് , ജയരാജ് വാര്യർ, പ്രിയനന്ദൻ എന്നിവർ പങ്കെടുക്കും. മത്സരാർത്ഥികൾക്കും മറ്റുള്ളവർക്കും ഭക്ഷണം നൽകുന്നത് മോഡൽ ഗേൾസ് സ്‌കൂളിലാണ്.
കലോത്സവം നടക്കുന്ന വേദികളിൽ നിന്ന് ഭക്ഷണ വിതരണം നടക്കുന്ന സ്ഥലത്തേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. എട്ടിന് കാൽഡിയൻ സ്‌കൂളിൽ സായാഹ്ന സദസ് നടക്കും. ഒമ്പതിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷനാകും. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കരോളിൻ ജെറീഷ്, ഫെറിൻ ജേക്കബ്ബ്, ജൂഡി ഇഗ്‌നേഷ്യസ്, ജോബി പുല്ലോക്കാരൻ എന്നിവരും പങ്കെടുത്തു.