പഴയന്നൂർ : വെന്നൂർ ദേശവിളക്ക് ഡിസംബർ 4, 5, 6 തീയതികളിൽ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുണ്ടിയൻകാവ് ക്ഷേത്രം മേൽശാന്തി രാഗേഷ് തിരുമേനിയുടെ കാർമ്മികത്വത്തിലുള്ള ചടങ്ങോടെയാണ് ദേശവിളക്ക് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. ഡിസംബർ നാലിന് വൈകീട്ട് സാംസ്‌കാരിക സമ്മേളനം, പിന്നണി ഗായകനും സ്റ്റാർ സിംഗർ ഫേമായ സന്നിധാനന്ദൻ നയിക്കുന്ന ഭക്തിഗാനമേളയും നടക്കും.
അഞ്ചാം തീയതി വൈകിട്ട് സുബ്രഹ്മണ്യ പൂജ, പാനക പൂജ, ഏഴിന് ദേശവിളക്കിന് കാൽനാട്ടൽ കർമ്മവും, ദീപാരാധനയ്ക്ക് ശേഷം വിവിധ കലാപരിപാടികളുണ്ടാകും. ആറിന് രാവിലെ വിളക്ക് പന്തലിൽ കുടിയിരുത്തൽ, തുടർന്ന് ചെണ്ടമേളം, ഉടുക്ക് പാട്ട്, പ്രസാദ ഊട്ട്, വൈകിട്ട് വെന്നൂർ സെന്ററിൽ നിന്നും താല മേളത്തോടെയും ദാരിക വധം ഉടുക്ക് പാട്ടോടെ പന്തലിൽ പ്രവേശിക്കും. ശേഷം ദീപാരാധന, വിളക്ക് പന്തലിൽ നൃത്തം, അന്നദാനം, ശേഷം ഒമ്പതിന് ഡോ.പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജബലഹരി, അയ്യപ്പൻ പാട്ട്, പുലർച്ചെ ഒന്നിന് അയ്യപ്പസ്വാമിയുടെ ജനനം, ജാതകം വായന, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, വാവർ ജനനം, തിരി ഉഴിച്ചിൽ, വെട്ടും തടയും, കനൽച്ചാട്ടം, ഗുരുതി തർപ്പണം, കൂറ വലിക്കൽ എന്നിവയോട് കൂടി പരിപാടികൾക്ക് സമാപനം കുറിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി സെക്രട്ടറി എസ്.അരുൺ കുമാർ, ക്ഷേത്രം മേൽശാന്തിയും, ദേശവിളക്ക് രക്ഷാധികാരിയുമായ രാഗേഷ് തിരുമേനി, ദേശവിളക്ക് ഖജാൻജി പി.മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.