തൃശൂർ: ഫാസിസ്റ്റ് വിരുദ്ധ മതേതര ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഈ മാസം ആറിന് തൃശൂർ തേക്കിൻകാട് മൈതാനം തെക്കെഗോപുരനടയിൽ നടക്കുമെന്ന് സംഘാടകർ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നിയന്ത്രിത ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തുന്നത് തടയാൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സമ്മേളനം. ഈ മുന്നേറ്റത്തിൽ കേരളത്തിൽ സജീവമായവരുടെ ആദ്യ കൂടിച്ചേരലും കർമ്മ പരിപാടി പ്രഖ്യാപിക്കലുമാണ് ആറിന് നടക്കുന്നത്. രാവിലെ 10.30ന് പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ജനറൽ കൺവീനർ പി.എൻ. പ്രോവിന്റ്, എം.എ. ലക്ഷ്മണൻ, ബൽക്കീസ് ബാനു, ടി.കെ. വാസു, കെ. ശിവരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.