കുഴൂർ: കൃഷിഭവന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കുഴൂർ പഞ്ചായത്ത് കൃഷിഭവനിൽ എട്ടംഗ കോർ സമിതിയുടെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിച്ചു. ജില്ലയിൽ സോഷ്യൽ ഓഡിറ്റിംഗ് നടക്കുന്ന അഞ്ചു കൃഷിഭവനുകളിൽ ഒന്നാണ് കുഴൂർ. കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും ലക്ഷ്യം വച്ചാണ് ഓഡിറ്റ് നടത്തുന്നത്. കൃഷിഭവന് പുറത്തുനിന്നുള്ള കർഷകർ, ഉദ്യോഗസ്ഥർ, ഗുണഭോക്താക്കളുടെ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന കോർ കമ്മിറ്റി കുഴൂർ പഞ്ചായത്തിന്റെയും മാള ബ്ലോക്ക് പഞ്ചായത്തിന്റെയും അംഗീകാരം വാങ്ങിയാണ് പ്രവർത്തനം ആരംഭിച്ചത്. ഓഡിറ്റിന്റെ ഭാഗമായി കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും വേണ്ട നിർദ്ദേശങ്ങൾ ഗുണഭോക്താക്കളായ കർഷകരിൽ നിന്നു തന്നെയാണ് സ്വീകരിക്കുന്നത്. ഇവ ഏകോപിപ്പിച്ച് സർക്കാരിന് സമർപ്പിക്കും. ഓഡിറ്റിംഗിന്റെ ഭാഗമായി കുഴൂർ കൃഷിഭവൻ പരിധിയിലുള്ള നാല് സ്ഥലങ്ങളിലായി 14 വാർഡുകളിലെ കർഷകരെ ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അന്തിമ റിപ്പോർട്ട് കുഴൂർ പഞ്ചായത്തിന്റെയും മാള ബ്ലോക്കിന്റെയും അംഗീകാരത്തോടുകൂടി ഡിസംബർ 26 നു മുമ്പായി സർക്കാരിന് കൈമാറും. സോഷ്യൽ ഓഡിറ്റിംഗിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ നിർവഹിച്ചു. വാർഡ് മെമ്പ‌ർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.