1

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തൃശൂർ സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലും സ്ഥാപിച്ച അത്യാധുനിക കാമറ സംവിധാനവും, ലൈറ്റിംഗ് സംവിധാനവും പ്രവർത്തനം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ 31 കാമറകളും 22 ഹൈപവർ ലൈറ്റുകളും ശക്തൻ തമ്പുരാൻ നഗർ ബസ് സ്റ്റാൻഡിൽ 33 കാമറകളും, 26 ഹൈപവർ ലൈറ്റുകളുമാണ് ഘടിപ്പിച്ചിട്ടുള്ളത്.

തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ടി.എൻ. പ്രതാപൻ എം.പി. സി.സി.ടി.വി കാമറ പ്രവർത്തനോദ്ഘാടനവും സ്വിച്ച് ഓണും നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി, ലിസി ആന്റോ, ലാലി ജയിംസ്, ഇ.വി. സുനിൽരാജ്, കെ.എസ്.ആർ.ടി.സി അസി. ട്രാൻസ്‌പോർട്ട് ഓഫീസർ സുനിൽ എന്നിവർ പങ്കെടുത്തു.

സിറ്റി കമ്മിഷണർ അങ്കിത് അശോകൻ സ്വാഗതവും, അസി. കമ്മിഷണർ കെ.കെ. സജീവ് നന്ദിയും പറഞ്ഞു. സി.സി.ടി.വി സ്ഥാപിക്കുന്നതിന്റെ കരാറുകാരായ തേഡ് ഐ സൊലൂഷൻസ്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് കേരളവിഷൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

കാമറകൾ സുരക്ഷ്യ്ക്ക് കൂട്ടാകും

കാമറകൾ എല്ലാം അത്യാധുനിക നിർമ്മിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്നവയും രാത്രിയിലും പകലും ഒരു പോലെ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവയുമാണ്. കാമറകൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും അത്യാധുനിക ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് കേബിൾ ശൃംഖലകൾ വഴി പൊലീസ് കൺട്രോൾ റൂമിലെത്തിക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റിൽ തത്സമയ നിരീക്ഷണവും ഉണ്ടാകും.

തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ട്, ഔട്ടർ റിംഗ് റോഡ്, പൂങ്കുന്നം, കെ.എസ്.ആർ.ടി.സി, ശക്തൻ ബസ് സ്റ്റാൻഡ്, ഹൈറോഡ്, പാലസ് റോഡ്, വടക്കേബസ് സ്റ്റാൻഡ്, രാമനിലയം പരിസരം, പുത്തൻപള്ളി ഗോൾഡ് മാർക്കറ്റ്, ശക്തൻതമ്പുരാൻ മാർക്കറ്റ് എന്നിവിടങ്ങളിലും, മണ്ണുത്തി, പാവറട്ടി തുടങ്ങിയ വിദൂരസ്ഥലങ്ങളിലുമായി 400 ലധികം കാമറകൾ സ്ഥാപിച്ച്, ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ നിരീക്ഷണം നടത്തുന്നുണ്ട്.