തൃശൂർ: ചാവക്കാട് പൊലീസ് സ്റ്റേഷന് സമീപം മഹിള കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് മർദ്ദിച്ച ഡി.വൈ.എഫ്.ഐക്കാർക്കെതിരെ കേസ് എടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ.
പൊലീസ് കൈയും കെട്ടിയിരുന്നാൽ തൃശൂരിലെ മുഴുവൻ മഹിള കോൺഗ്രസുകാരും സ്റ്റേഷനിലേക്ക് വരും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അക്രമ ആഭാസയാത്രക്കെതിരെ സ്ത്രീ സമൂഹം പ്രതികരിക്കും. മഹിള കോൺഗ്രസ് ഒരു സംഗമം നടത്തിയപ്പോൾ പിണറായിക്കും സഖാക്കൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. സ്ത്രീകളെയും വണ്ടിയുടെ ഡ്രൈവറെയും ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചത് എന്ത് 'രക്ഷാ പ്രവർത്തനമാണ്'. കളമശ്ശേരിയിൽ ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ സ്ത്രീകൾ ഇപ്പോഴും ചികിത്സയിലാണ്. സമരം ചെയ്തതിന് ഗുരുതര കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.