1

ഇരിങ്ങാലക്കുട: കേരള രാഷ്ട്രീയത്തിലെ ധാർമ്മികതയ്ക്ക് നാണക്കേടാണ് മന്ത്രി ഡോ.ആർ.ബിന്ദുവെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ. സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ.ബിന്ദു ഇടപെട്ടുവെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറകണം. സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന കുറ്റപത്രം സുപ്രീംകോടതി അംഗീകരിക്കുന്നതായിരുന്നു വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട കോടതിയുടെ നിലപാട്.
പിണറായി വിജയന്റെ കൈയൊപ്പുള്ള ഒരു പദ്ധതി പോലും സംസ്ഥാനത്തില്ല. കൈയൊപ്പു രേഖപ്പെടുത്താൻ കൊണ്ടുവന്ന കെ- റെയിൽ എട്ട് നിലയിൽ പൊട്ടി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ വീണ്ടും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് കെ.എസ്.യുവിന്റെ വിജയത്തിലൂടെയാണെന്നും സി.പി.ജോൺ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ് അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാൻ സർക്കാരിനെതിരായ കുറ്റപത്രം വായിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സുജ സജ്ഞീവ്കുമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ, കെ.ആർ. ഗിരിജൻ, എം.പി. ജാക്‌സൺ, മുഹമ്മദ് റഷീദ്, സി.വി.കുരിയാക്കോസ്, പി.എം.ഏലിയാസ്, എം.പി.ജോബി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പി.ആർ.എൻ.നമ്പീശൻ തുടങ്ങിയവർ പ്രസംഗിച്ചു.