1

തൃശൂർ: കേരളവർമ്മ കോളേജ് ചെയർമാൻ തിരഞ്ഞെടുപ്പ് റീ കൗണ്ടിംഗിൽ അസാധുവായ വോട്ടുകൾ അന്ധവിദ്യാർത്ഥികളുടേതായിരുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്‌ സേവ്യർ. ചെയർമാൻ സ്ഥാനത്തേക്ക്‌ തോറ്റ സ്ഥാനാർഥി എസ്. ശ്രീക്കുട്ടനുമായി ഡി.സി.സിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നിയമ നടപടികളിലേക്ക്‌ പോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന കെ.എസ്.യു ആരോപണം ശരിവയ്ക്കുന്നതാണ് റീ കൗണ്ടിംഗ് ഫലം. ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ച വോട്ടെണ്ണലിൽ 23 ആയിരുന്നു അസാധു വോട്ട്. പിന്നീട് രാത്രിയിൽ അത് 27 ആയി. ഇന്ന് വീണ്ടും എണ്ണിയപ്പോൾ 34 ആയി അസാധുവോട്ടിന്റെ എണ്ണം മാറി.

10 വോട്ടുകൾ കൈവിരൽ പതിപ്പിച്ചതിനാലാണ് അസാധുവായത്. ഇതിൽ രണ്ടെണ്ണം എസ്.എഫ്.ഐക്ക് കിട്ടിയതും എട്ടെണ്ണം കെ.എസ്‌.യുവിന് കിട്ടിയതുമാണ്. ഈ വോട്ടുകൾ അന്ധ വിദ്യാർത്ഥികളുടേതായിരുന്നു. കൈവിരൽ പതിപ്പിക്കരുതെന്ന് അവരോട് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞില്ല. റിട്ടേണിംഗ് ഓഫീസർ ചട്ടലംഘനം നടത്തിയെന്നും നിയമ വിദഗ്ദ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.