കൊടുങ്ങല്ലൂർ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആരോഗ്യ പരിരക്ഷ എന്ന പേരിൽ ആരംഭിച്ച മെഡിസപ്പ് ഇൻഷ്വറൻസ് കബളിപ്പിക്കലാണെന്ന് സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. 12,000 രൂപവരെ വാർഷിക പ്രീമിയം ഈടാക്കിയ ശേഷം ആശുപത്രിയിലെത്തുന്ന പെൻഷൻകാർക്ക് പരിരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. ഇൻഷ്വറസ് കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ട സർക്കാർ ഉത്തരവാദിത്വം നിർവഹിക്കാതിരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഒരുങ്ങുകയാണ്. ഡിസംബർ 14ന് നടക്കുന്ന അസോസിയേഷന്റെ കയ്പമംഗലം നിയോജകമണ്ഡലം വാർഷിക പൊതുയോഗം സംബന്ധിച്ച സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു തീരുമാനം.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രൊഫ.പി.കെ.നൂറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം.കുഞ്ഞുമൊയ്തീൻ, നിയോജകമണ്ഡലം സെക്രട്ടറി പി.എ.മുഹമ്മദ് സഗീർ, ജില്ലാ വൈസ് പ്രസിഡന്റ് വി.സി.കാർത്തികേയൻ, പ്രൊഫ.കെ.എ.സിറാജ്, കെ.കെ.മുഹമ്മദ്, ഒ.സി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.