 
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതിക്ക് മുന്നിൽ ഭഗവതി സ്തുതി ചൊല്ലിയും മഞ്ഞൾ പ്രസാദം കൊണ്ട് ഭഗവതി രൂപം വരച്ചും നടന്ന കുമരനെല്ലൂർ ദേശത്തിന്റെ വിളംബരപത്രിക പ്രകാശന കർമ്മം ഭക്തർക്ക് വേറിട്ടൊരനുഭവമായി. ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യ പങ്കാളികളായ കുമരനെല്ലൂർ ദേശത്തിന്റെ വിളംബരപത്രിക പ്രകാശനച്ചടങ്ങിലാണ് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഭഗവതി സ്തുതി ചൊല്ലിയും, കാർട്ടൂണിസ്റ്റ് നന്ദൻ പിള്ള മഞ്ഞൾ പ്രസാദം കൊണ്ട് ഭഗവതി രൂപം വരച്ചും ചടങ്ങ് ധന്യമാക്കിയത്.
വിദ്യാധരൻ മാസ്റ്റർ, കാർട്ടൂണിസ്റ്റ് നന്ദൻ പിള്ളയ്ക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷനായി. തൃശൂർ പൂരം എക്‌സിബിഷൻ സെക്രട്ടറിയായി തിരഞ്ഞെടുത്ത കുമരനെല്ലൂർ ദേശം ജനറൽ സെക്രട്ടറി പി.എ. വിപിനെയും, പബ്ലിക് റിലേഷൻ ഓഫീസറായി തിരഞ്ഞെടുത്ത പി. വേണുഗോപാലിനെയും ചടങ്ങിൽ ആദരിച്ചു. പൂരം ചീഫ് കോ - ഓർഡിനേറ്റർ സുരേഷ് കുമാർ, ദേവസ്വം ഓഫീസർ ജി. ശ്രീരാജ് , ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പ്രസിഡന്റ് ടി.പി. ഗിരിശൻ, വടക്കാഞ്ചേരി വിഭാഗം പ്രസിഡന്റ് സി.എ. ശങ്കരൻ കുട്ടി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ തുടങ്ങിയവർ പങ്കെടുത്തു.