പാവറട്ടി: നാടകത്തെ ആയുധമാക്കി ഗുരുവായൂർ കനിവ് ആർട്‌സ് ആൻഡ് ചാരിറ്റിയുടെ നേതൃത്വത്തിൽ ലഹരിയെന്ന മഹാവിപത്തിന് എതിരെ ഒറ്റയാൾ പടയൊരുക്കവുമായി മാത്യൂസ് പാവറട്ടി വേദികൾ കീഴടക്കുന്നു. ലഹരിയുടെ കെണിയിൽ അകപ്പെട്ട് മകളെ നഷ്ടമായ ബാലൻ മാഷുടെ ജീവിതത്തിലെ വേദനകളാണ് 'ഈ ദുരന്തഭൂമിയിൽ ' എന്ന ഒറ്റയാൾ നാടകത്തിലൂടെ മാത്യൂസ് പറയുന്നത്.
ലഹരിയെന്ന സമൂഹ തിന്മയ്ക്കെതിരെയാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഈ ലഘു നാടകം. രചനയും സംവിധാനവും നടൻ ശിവജി ഗുരുവായൂരാണ് നിർവഹിച്ചിരിക്കുന്നത്. എയ്ഡ്‌സ് ബോധവത്കരണം, മൊബൈൽ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിലെ ഒറ്റയാൾ നാടകങ്ങളിലൂടെ മാത്യൂസ് പാവറട്ടി മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.
ഡോക്ടർ പേഷ്യന്റ്, തട്ടത്തിൽ മറയത്ത്, സൺഡേ ഹോളീഡേ തുടങ്ങി പത്മിനി വരെ മുപ്പതോളം സിനിമകളിൽ അഭിനയിച്ച മാത്യൂസ് പാവറട്ടി വിപഞ്ചിക തിയറ്റേഴ്‌സിലൂടെ പ്രൊഫഷണൽ നാടകങ്ങളിലും സാഹിത്യ അക്കാഡമിയുടെ അവാർഡ് കരസ്ഥമാക്കിയ ഉലഹന്നാൻ ബണ്ട്, തോലുകൾ തുടങ്ങിയ നാടകങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.