
തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കരാർ കമ്പനിക്കും ഇതിൽ താത്പര്യമുണ്ട്. ഇതുസംബന്ധിച്ച നിയമ തടസം പരിഹരിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു
സ്വർണക്കടത്ത് കേസ് പ്രതി ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി, ഫ്ളാറ്റ് നിർമ്മാണം ഏറ്റെടുത്ത യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. പ്രളയബാധിതരെ പുനരധിവസിപ്പിക്കാൻ യു.എ.ഇ കോൺസുലേറ്റിലൂടെ ഇന്റർനാഷണൽ റെഡ്‌ക്രോസ് സൊസൈറ്റി നൽകിയ തുക ലൈഫിലേക്ക് തിരിച്ചുവിട്ടതും വിവാദമായതോടെ മുടക്കിയ കോടികൾ പാഴായി. ഭവനരഹിതർക്ക് വീട് നൽകാനാണെന്നും വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കാണെന്നുമെല്ലാം വാദങ്ങളുയർന്നു.
പ്രളയബാധിതരായ ആറ് കുടുംബങ്ങൾക്ക് വീട് നൽകിയെന്ന് കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ അന്നത്തെ എം.എൽ.എ അനിൽ അക്കര ചൂണ്ടിക്കാട്ടിയതോടെ, ലൈഫ് പട്ടികയിൽ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്തേണ്ടി വന്നു. ഫ്ളാറ്റിന് സംസ്ഥാന സർക്കാർ 15 കോടി വകയിരുത്തിയിട്ടുണ്ട്. റെഡ് ക്രസന്റ് അനുവദിച്ചത് 18.5 കോടിയാണ്. ചെലവാക്കിയത് 14.5 കോടിയും.
ലൈഫ് മിഷൻ മുടങ്ങിയെന്ന പരാതി
വിചിത്രം: മുഖ്യമന്ത്രി
തൃശൂർ: ലൈഫ് മിഷന്റെ ഭാഗമായി പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന പരാതി വിചിത്രമാണെന്നും നാല് ലക്ഷത്തോളം വീട് നിർമ്മിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീട് നിർമ്മിച്ച് നൽകാനുള്ള പദ്ധതിയെ ചിലർ വിവാദത്തിലാക്കി, കേന്ദ്രസർക്കാറിന്റെ അടക്കം സഹായത്തോടെ കേസിൽപെടുത്തി സി.ബി.ഐയെ അടക്കം ഇടപെടീക്കാനുള്ള ശ്രമം നടത്തുന്നതിന് അന്നത്തെ കോൺഗ്രസ് എം.എൽ.എ നേതൃത്വം നൽകി. സ്മാരകം പോലെയുള്ള അസ്ഥിപഞ്ജരം അവിടെ കിടക്കുന്നുണ്ട്. ആ ഫ്ളാറ്റ് നിർമ്മാണം പകുതിയിൽ നിലച്ചു. ആ സ്ഥിതിവിശേഷം ഉണ്ടാക്കിയവരാണ് ലൈഫ് മിഷനിൽ വീട് വച്ച് നൽകുന്നില്ലെന്ന് പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.