തൃശൂർ : കാലഹരണപ്പെട്ട രീതി കൈയൊഴിയുകയാണ് വിവേകമെന്ന് ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിലയിൽ സംഘടിപ്പിച്ച പ്രഭാത സദസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റം പലരിലും പല വേദനകളുമുണ്ടാക്കാം. അതിനോട് ഒത്തുപോകലല്ലാതെ സ്കൂളുകളിലെ ബാലശിക്ഷ എന്നൊക്കെയുള്ള പഴയകാലത്തേക്ക് മടങ്ങാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും ഏർപ്പെടുത്തിയ കെട്ടിടനികുതി കുറയ്ക്കുകയോ പിൻവലിക്കുകയോ വേണമെന്ന നിർദ്ദേശത്തോട് മുഖ്യമന്ത്രി കർക്കശസ്വരത്തിൽ പ്രതികരിച്ചു.
അതേക്കുറിച്ച് ആലോചിക്കേണ്ടെന്നായിരുന്നു പ്രതികരണം. നഴ്‌സിംഗ് കോളേജുകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്നതും അതുവഴി തൊഴിൽ സാദ്ധ്യത കൂട്ടുകയെന്നതും പരിഗണനയിലുണ്ട്. അങ്ങനെ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നവർക്ക് വേണ്ട വിദേശഭാഷാ പഠനം ലഭ്യമാക്കുകയെന്നതും സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചിലർ ഉയർത്തിയ പരാതികളും പ്രഭാത സദസിൽ ഉയർന്നുകേട്ടു. എല്ലാ അഭിപ്രായങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. മുളങ്കുന്നത്തുകാവ് കിലയിലാണ് ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260 ഓളം വ്യക്തികളെ പങ്കെടുപ്പിച്ച് പ്രഭാത യോഗം ചേർന്നത്. വി.കെ.ശ്രീരാമൻ, സിറിൽ മാർ ബസേലിയോസ്, സ്വാമി സദ്ഭവാനന്ദ, ടി.ഡി.രാമകൃഷ്ണൻ, ബി.കെ.ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ, ഫാ.ബെഞ്ചമിൻ, എൻ.ബി.ഷീന, ജോയ് ആലുക്ക, ഫാ.ബാബു തുടങ്ങിയവർ അതിഥികളായി.
കാട്ടിൽ കയറി അതിക്രമം കാണിച്ചാൽ വനം വകുപ്പ് ഇടപ്പെടും. പുഴയുടെ കാര്യത്തിൽ ആരും ചോദിക്കാനില്ലെന്ന അനാഥാസ്ഥയാണ്. പ്രമേഹരോഗ ബാധയ്‌ക്കൊരു പ്രതിരോധം കണ്ടെത്തേണ്ട അനിവാര്യതയുമുണ്ട്.
വി.കെ.ശ്രീരാമൻ
നടൻ
കലാമണ്ഡലം തുടങ്ങിയത് കുന്നംകുളത്താണ്. നിലവിൽ കലാമണ്ഡലവുമായി ബന്ധപ്പെട്ട യാതൊന്നും കുന്നംകുളത്തില്ല. അക്കാര്യത്തിൽ എന്തെങ്കിലും അടിയന്തരമായി ചെയ്യണം
ബി.കെ.ഹരിനാരായണൻ
ഗാനരചയിതാവ്
യുവജനങ്ങൾ വൻതോതിൽ ഇതര രാജ്യങ്ങളിലേക്ക് ജോലിക്കായും ജീവിതം നട്ടുപിടിക്കാനുമായി ചേക്കേറുന്നതിന്റെ ഉത്കണ്ഠാകുലമായ അവസ്ഥയാണ് .
ഫാ.ജോസ് കണ്ണമ്പുഴ
ഡയറക്ടർ
ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളേജ്.
റോഡ് നിർമ്മാണം നടക്കുമ്പോൾ ഗതാഗത നിയന്ത്രണം കരാറുകാരൻ കൈയാളുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് ഒരു സംവിധാനം ഉണ്ടാക്കണം
ജോസഫ് മാത്യു
കെ-റെയിൽ കേരളത്തിന് അനിവാര്യമാണ്. അത് നടപ്പിലാക്കണം
മുഹമ്മദ് സഖാഫി
സർക്കാർ തലത്തിൽ കൂടുതൽ നഴ്‌സിംഗ് കോളേജുകളും പാരാ മെഡിക്കൽ കോഴ്‌സുകളും ആരംഭിക്കണം
ഡോ.മോഹനൻ കുന്നുമ്മേൽ
വൈസ് ചാൻസലർ
ആരോഗ്യ സർവകലാശാല
ആധുനിക സമ്പ്രദായങ്ങൾ കൃഷി രീതിയിൽ പ്രയോഗിക്കാനുള്ള പദ്ധതികൾ ഉണ്ടാവണം. ബ്ലോക്ക്, പഞ്ചായത്തുകൾ മുഖേന കൃഷിയിലേക്ക് ആകർഷിപ്പിക്കാൻ യുവതീ യുവാക്കൾക്ക് അവബോധം നൽകണം.
രാജു നാരായണ സ്വാമി
ജൈവകർഷകൻ.