തൃശൂർ: ജില്ലയിൽ നവകരള സദസിന് ഉജ്വല തുടക്കം. ഇന്നലെ പ്രഭാത സദസും ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ നവകരേള സദസുമാണ് നടന്നത്. കിലയിൽ നടന്ന പ്രഭാത സദസിൽ നാനാതുറകളിലുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യ മേളങ്ങളോടെയാണ് വേദയിലേക്ക് ആനയിച്ചത്. പലയിടങ്ങളും പുഷ്പവൃഷ്ടിയും നടത്തി.
പരാതികൾ സ്വീകരിക്കാൻ 20 ലേറെ കൗണ്ടറുകളാണ് തയ്യാറാക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും കളക്ടർ വി.ആർ. കൃഷ്ണ തേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ഡി.ഐ.ജി അജിതാ ബീഗം. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവർ രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന വഴികളിൽ ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. മണ്ഡലങ്ങളിലെ പരിപാടികൾക്ക് എം.എൽ.എമാരായ മന്ത്രി കെ.രാധകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, എ.സി. മൊയ്തീൻ, എൻ.കെ. അക്ബർ എന്നിവർ നേതൃത്വം നൽകി.
വൻ ജനപങ്കാളിത്തം, വിരുന്നൊരുക്കി കലാപരിപാടികൾ
എല്ലായിടത്തും വൻജനപങ്കാളിത്തമാണ് ഉണ്ടായത്. മണിക്കൂറുകൾക്ക് മുൻപേ സദസുകൾ നിറഞ്ഞു. ചെറുതുരുത്തിയിൽ ഒ.എൻ.വിയുടെ 'അമ്മ' കവിതയെ ആധാരമാക്കി കലാമണ്ഡലം സംഗീതശില്പം അവതരിപ്പിച്ചു. തൃശൂർ നാടക സൗഹൃദം പടച്ചോന്റെ ചോറ് നാടകം അരങ്ങേറി. ആറങ്ങോട്ടുകര പെൺ കൂട്ടായ്മ മരംകൊട്ട് പാട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ് നടന്ന എം.ജി കാവ് ഒ.പി ഗ്രൗണ്ടിൽ തേക്കിൻകാട് ബാന്റും ആട്ടം കലാസമിതിയും ചേർന്നൊരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, ഡബ്ബ ബീറ്റ് ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവ നടന്നു. കുന്നംകുളത്ത് വേദിയായ ചെറുവത്തൂർ ഗ്രൗണ്ടിൽ പോർക്കുളം ടീമിന്റെ തിരുവാതിര, തസംഗീതനിശ എന്നിവ അരങ്ങേറി. ചാവക്കാട് ബസ് സ്റ്റാൻഡ് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി പഞ്ചവാദ്യം, മാപ്പിളപ്പാട്ട്, ചേർത്തല രാജേഷ് നയിക്കുന്ന ഫ്‌ളൂട്ട് ഫ്യൂഷൻ അവതരിപ്പിച്ചു.
ജനമനസിൽ ഇടംനേടി സ്വാഗതഗാനം
ചേലക്കര: ഈണം കൊണ്ടും വരികളുടെ അർത്ഥം കൊണ്ടും ജനമനസിൽ ഇടം നേടി നവകേരള സദസിലെ സ്വാഗത ഗാനം. ചെറുതുരുത്തി സ്കൂൾ അങ്കണത്തിൽ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ച ഗാനത്തെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും നിറഞ്ഞ വേദിയും ഹൃദ്യമായി സ്വീകരിച്ചു. മലയാള കാവ്യത്തിന്റെ പ്രതിരൂപം വള്ളത്തോളും കലാമണ്ഡലവും നിളയും തിരുവില്വാമലയുടെ അഭിമാനമായ വി.കെ.എന്നും വരികളിൽ നിറഞ്ഞു. ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനായ ശിവപ്രസാദാണ് ഗാനരചയിതാവ്. ചേലക്കരയുടെ തനത് വിനോദമായ തലമപ്പന്ത് കളിയും കർഷകത്തൊഴിലാളികളുമെല്ലാം വരികളിൽ നിറഞ്ഞു. ദേശമംഗലം ഹയർസെക്കൻഡറി സ്കൂൾ ബോട്ടണി അദ്ധ്യാപികയായ സബിതയാണ് ഗാനം ആലപിച്ചത്. വിദ്യാർത്ഥിനികളായ ജൈത്രയും കാവ്യയുമാണ് ഗാനാലാപനത്തിൽ ഒപ്പം ചേർന്നത്.
ഒല്ലൂർ മണ്ഡലം നവകേരള സദസ് ഇന്ന് മണ്ണുത്തിയിൽ
മണ്ണുത്തി: ഒല്ലൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മണ്ണുത്തി കാർഷിക സർവകലാശാല ഗ്രൗണ്ടിൽ നടക്കും. 40000 ചതുരശ്ര വിസ്തീർണമുള്ള പന്തലാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിനായി 20 കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള വിതരണവും ലഘു പാനീയ വിതരണവും പന്തലിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കും.
നവകേരള സദസ് ഇന്ന്