തൃശൂർ : നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ വഴിനീളെ പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്നലെ രാവിലെ അത്താണി കിലയിൽ സംഘടിപ്പിച്ച പ്രഭാത സദസിന് രാമനിലയത്തിൽ നിന്ന് പോകുന്നതിനിടെ വിൽവട്ടത്ത് കരിങ്കൊടി കാട്ടി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സൗരഗ്, മനുപള്ളത്ത്, രാഗീത്, ജോമൺ, വിനീഷ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ചേലക്കര നിയോജകമണ്ഡലത്തിലേക്ക് വരുന്ന വഴി വാഴക്കോട് വളവിൽ വച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് പാഞ്ഞാൾ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അലവി ദേശമംഗലം, ഗണേഷ് ആറ്റൂർ, യു.അബ്ദുള്ള, ശ്രീജിത്ത് മായന്നൂർ, സാരംഗ് തിരുവില്വാമല, ധനീഷ് പഴയന്നൂർ, വിഷ്ണു മഠത്തിലാത്ത്, ഷാജി മോഹൻ, സൂരജ് എന്നിവരാണ് പ്രതിഷേധിച്ചത്. സംഘം മുഖ്യമന്ത്രിക്ക് നേരെ മുട്ട എറിയാൻ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കി. ചെറുതുരുത്തിയിലെ വേദിയിലേക്ക് വെൽഫെയർ പാർട്ടിയും പ്രതിഷേധവുമായെത്തി. എരുമപ്പെട്ടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി.