പുതുക്കാട്: മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിക്കാനെത്തുന്ന നവ കേരള സദസിനെ സ്വീകരിക്കാൻ പുതുക്കാട് മണ്ഡലം ഒരുങ്ങിയതായി വാർത്താസമ്മേളനത്തിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് ആറിന് തലോർ ദീപ്തി ഹൈസ്‌കൂൾ മൈതാനത്താണ് പുതുക്കാട് മണ്ഡലംതല നവകേരള സദസ് സംഘടിപ്പിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കാനായി 25 കൗണ്ടർ തയ്യാറാക്കുകയും മുകുന്ദപുരം എൽ.എ സിമേഷ് സാഹുവിന്റെ നേതൃത്വത്തിൽ ആവശ്യമായ പ്രവർത്തനം സജ്ജീകരിക്കുകയും ചെയ്തതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തിൽ നിന്നായി ഇരുപതിനായിരത്തോളം ആളുകൾ നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും എം.എൽ.എ പറഞ്ഞു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടർ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെയും ഭാവിയിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ചുള്ള വികസന രേഖ കെ.കെ.രാമചന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കൈമാറും.

വികസന രേഖയുടെ പ്രകാശനം ഇന്ന് തലോർ ദീപ്തി സ്‌കൂളിൽ നടത്തും. നവകേരള സദസിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും വിവിധ സേവനങ്ങൾക്കായി പൊലീസും വോളണ്ടിയർമാരുമുണ്ടാകും. ബാഗ്, വാട്ടർ ബോട്ടിലുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വാർത്താസമ്മേളനത്തിൽ കൺവീനർ ഡെപ്യൂട്ടി കളക്ടർ എം.സി.റെജിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.പ്രിൻസ്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു, ബി.ഡി.ഒ കെ.കെ.നിഖിൽ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.