മാള: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ നവ കേരള സദസ് നാളെ ഉച്ചതിരിഞ്ഞ് രണ്ടിന് മാള സെന്റ് ആന്റണീസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സദസിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന മൂന്ന് താലൂക്കുകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങളുടെ നിവേദനങ്ങൾ സ്വീകരിക്കാൻ സെന്റ് ആന്റണീസ് സ്‌കൂളിൽ 20 കൗണ്ടറുകൾ ഒരുക്കും. അതിൽ അംഗപരിമിതർക്കും പ്രത്യേകം ഒരു കൗണ്ടറും വയോജനങ്ങൾക്ക് രണ്ട് കൗണ്ടറും ഒരുക്കും. വനിതൾക്കും പുരുഷന്മാർക്കും പ്രത്യേകം കൗണ്ടറുകൾ ഉണ്ടാകും. കൊടുങ്ങല്ലൂർ താലൂക്കിൽ നാല് കൗണ്ടറും മുകുന്ദപുരം താലൂക്കിൽ അഞ്ച് കൗണ്ടറും ചാലക്കുടി താലൂക്കിൽ എട്ട് കൗണ്ടറും ഉണ്ടാകും. രാവിലെ 10 മണി മുതൽ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഒരുക്കങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മണ്ഡലം കോ-ഓർഡിനേറ്റർ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ എന്നിവർ അറിയിച്ചു.