മാള: ആറിന് മാളയിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കൊടുങ്ങല്ലൂർ പൊയ്യ ഭാഗത്തുനിന്നും ചാലക്കുടി അന്നമനട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കെ.കെ റോഡ്, പൊലീസ് സ്റ്റേഷൻ വഴി കാവനാട് റോഡിലേക്ക് പ്രവേശിച്ചു പോകേണ്ടതാണ്. വലിയപറമ്പ് ഭാഗത്ത് നിന്നും മാള ജംഗ്ഷനിലൂടെ ചാലക്കുടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാവനാട് വഴി തിരിഞ്ഞുപോകണം. വെള്ളൂർ പുത്തൻചിറ നാരായണമംഗലം ഭാഗത്ത് നിന്നും മാള ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുന്നത്തുകാട് വടമ കാവനാട് വഴി പോകണം. അന്നമനട, കൂഴൂർ പഞ്ചായത്തുകളിൽ നിന്നും സദസിന് വരുന്ന വാഹനങ്ങൾ മാള സ്വകാര്യ ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി തിരിച്ച് മാള കാർമൽ കോളേജ്, മാള സോക്കർ സോ സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, പൊയ്യ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി, ബസ് സ്റ്റാൻഡ് പരിസരത്ത് ആളെ ഇറക്കി കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പ് ഏരിയയിലും പഞ്ചായത്ത് മാർക്കറ്റ് ഏരിയയിലും പാർക്ക് ചെയ്ത ശേഷം ബാക്കി വരുന്ന വാഹനങ്ങൾ തിരിഞ്ഞ് കെ.കെ. റോഡ് വഴി വന്ന് മാള കാർമൽ കോളേജ് മാള സോക്കോർസോ സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വെള്ളാങ്ങല്ലൂർ, പുത്തൻചിറ പഞ്ചായത്തുകളിൽ നിന്നും സദസിന് എത്തുന്ന വാഹനങ്ങൾ കുന്നത്തുകാട് വടമ വഴി തിരിഞ്ഞ് മാള കുളത്തിന് സമീപമുള്ള പെരേപ്പാടൻ പമ്പ് പരിസരത്ത് ആളെ ഇറക്കിയശേഷം തിരിഞ്ഞ് മേക്കാട് മന ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മാള പഞ്ചായത്തിലെ വലിയപറമ്പ് കോട്ടമുറി പ്ലാവിൻമുറി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മാള സ്വകാര്യ ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി തിരിച്ച് മാള കാർമൽ കോളേജ്, സോക്കർസോ സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.