1

മുളങ്കുന്നത്തുകാവ്: നഗരസഭ കെട്ടിടനമ്പർ അനുവദിച്ചില്ലെന്ന് പറഞ്ഞ് നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗവേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടത്തിക്കോട് പാലക്കപ്പറമ്പിൽ റഫീക്കിനെയാണ് ( 45) പൊലീസ് പിടികൂടിയത്. വൈകിട്ട് അഞ്ചോടെ വടക്കാഞ്ചേരി മണ്ഡലത്തിന്റെ സദസ് മുളങ്കുന്നത്തുകാവിൽ നടക്കുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചയുടനെ പരാതിയുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പൊലീസിനെ തളളിമാറ്റി വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.

ഉടനെ പൊലീസ് ഇയാളെ തടഞ്ഞ് സ്ഥലത്ത് നിന്നും നീക്കി. പ്രവാസിയായ റഫീക്ക് എട്ട് വർഷം മുൻപ്, വാണിജ്യാവശ്യത്തിനായുള്ള കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. പലതവണ പരാതി നൽകിയിട്ടും കെട്ടിടനമ്പർ കിട്ടിയില്ലെന്ന് റഫീക്ക് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്നും റഫീക്ക് പറഞ്ഞു.