
ചെറുതുരുത്തി: ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്കൂളിലേക്ക് ആളുകൾ കയറിച്ചെല്ലുന്ന സ്ഥിതിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ചേലക്കര മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാനത്തെ സ്കൂളുകളുടെ മുഖം മാറി.പലരും റോഡരികിലുള്ള കെട്ടിടങ്ങൾ കണ്ട് ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമൂണ്ടോയെന്ന് ചോദിച്ച് കയറിച്ചെല്ലുന്നുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് 5,000 കോടിയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠന നിലവാരം
ഉയർത്തലാണ്
രാജ്യത്ത് വിവിധ വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറവുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ പ്രീ പ്രൈമറിയിൽ ചേരുന്ന ഏതാണ്ട് എല്ലാവരും ഹയർ സെക്കൻഡറി തലം വരെ പഠിക്കുന്നു. വിദ്യാഭ്യാസം കേരളത്തിൽ കച്ചവടച്ചരക്കല്ല എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കുസാറ്റ് ദുരന്തം: ജുഡിഷ്യൽ
അന്വേഷണം ആവശ്യപ്പെട്ട്
കെ.എസ്.യുവിന്റെ ഹർജി
കൊച്ചി: കുസാറ്റിൽ നവംബർ 25ന് സംഗീതപരിപാടിക്കിടെ തിരക്കിൽപ്പെട്ട് നാലുപേർ മരിച്ചതിനെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെ.എസ്.യുവിന്റെ ഹർജി. പൊലീസ് അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരില്ലെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നല്കിയത്.
വി.സി, രജിസ്ട്രാർ, സ്കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ തുടങ്ങിയവരുടെ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ഹർജിയിൽ പറയുന്നു.
സിൻഡിക്കേറ്റിലും സെനറ്റിലും ഭൂരിപക്ഷമായ ഭരണകക്ഷിയംഗങ്ങളുടെ സമ്മർദ്ദംമൂലം നിഷ്പക്ഷ അന്വേഷണം നടക്കാത്തതിനാൽ ജുഡിഷ്യൽ അന്വേഷണത്തിന് നിർദ്ദേശം നല്കണമെന്നാണ് ഹർജിയിലെ ആവശ്യം.