തൃശൂർ: സംസ്ഥാനത്ത് 2016ൽ 1.7 ലക്ഷം ഹെക്ടറിൽ നെൽക്കൃഷി ചെയ്തിരുന്നത് ഇപ്പോൾ രണ്ടര ലക്ഷം ഹെക്ടറായി വർദ്ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഴു വർഷം കൊണ്ട് നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 2.54 ടണ്ണിൽ നിന്ന് 4.56 ടണ്ണായി. നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ ഓരോ ഹെക്ടറിനും 3,000 രൂപ വീതം നൽകുന്ന റോയൽറ്റി കഴിഞ്ഞ സാമ്പത്തികവർഷം14,498 ഹെക്ടർ വയലുകൾക്ക് ലഭ്യമാക്കി. പതിനാറ് ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണവില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷ്വറൻസ് പദ്ധതികൾ നടപ്പാക്കി. കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകക്ഷേമം എന്നിവയിൽ മുന്നേറ്റമുണ്ടായി. സേവനം വേഗത്തിൽ ലഭ്യമാക്കാൻ കൃഷി ഭവനുകളെ സ്മാർട്ട് കൃഷി ഭവനുകളായി പരിഷ്‌കരിക്കുകയാണ്.
2021 - 22 സാമ്പത്തിക വർഷത്തിൽ നെൽവിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് 107.10 കോടിയും 2022 - 23ൽ നെൽക്കൃഷി വികസനത്തിന് 49 കോടിയും ചെലവഴിച്ചു. നെൽവയലുകൾ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്താൻ ഹെക്ടറിന് 2000 രൂപയെന്നത് 3000 ആയി റോയൽറ്റി വർദ്ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.