p

തൃശൂർ: സംസ്ഥാനത്ത് സ്വകാര്യസർവകലാശാലകൾ കൊണ്ടുവരാനുള്ള ബില്ലുകൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാതയോഗത്തിലുയർന്ന നിർദ്ദേശങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ രംഗത്തും കാലോചിതമായ മാറ്റത്തിനാണ് ശ്രമിക്കുന്നത്. സർവകലാശാലകളും അഫിലിയേറ്റഡ് കോളേജുകളുമെന്ന രീതിയായിരിക്കില്ല ഇനി. കുറെ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി കാര്യം നിർവഹിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസാഫ് എം.ഡി പോൾ കെ.തോമസാണ് ഈ ആവശ്യമുന്നയിച്ചത്. പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും തൊഴിൽ ചട്ടങ്ങളിലടക്കം പരിഷ്‌കാരം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ തൊഴിലാളികളുടെ അവകാശത്തെ ബാധിക്കാതെ ഇത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ മേഖല പരിഷ്‌കരിക്കുന്നത് വിശദമായി ചർച്ച ചെയ്യാൻ തൊഴിലാളി സംഘടനകളുമായുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കും. പഞ്ചായത്തുകൾക്ക് സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കേരളത്തിൽ എവിടെയും ശാന്തമായി കച്ചവടം ചെയ്യാനുള്ള സ്ഥിതി നിലവിലുണ്ടെന്ന് വ്യവസായി ടി.എസ്.കല്യാണരാമൻ പറഞ്ഞു.